ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി ഫൈനലിൽ എത്തുമ്പോൾ അതിന്റെ ആഘോഷങ്ങൾ കൊയിലാണ്ടി കൊല്ലത്തെ കുന്നുമ്മൽ വീട്ടിലും അലയടിക്കുകയാണ്. സെമിയിൽ ഗുജറാത്തിനെതിരെ കേരളത്തിനുവേണ്ടി ആദ്യ ഇന്നിങ്സിൽ 30 റൺസും രണ്ടാം ഇന്നിങ്സിൽ 32 റൺസുമാണ് രോഹൻ എസ്.കുന്നുമ്മൽ എന്ന കേരള ഓപ്പണർ നേടിയത്. 2021ൽ ആണ് രോഹൻ ആദ്യമായി രഞ്ജി ട്രോഫി കളിക്കാനിറങ്ങിയത്. അന്നു പരുക്കേറ്റു പുറത്തായി. 2022ൽ ഗുജറാത്തിൽ സെഞ്ച്വറി അടിച്ചത് ചരിത്രമായിരുന്നു.
രോഹന്റെ ജൈത്രയാത്രയുടെ ആഘോഷത്തിലാണ് വീട്ടുകാരും നാട്ടുകാരും. കുന്നുമ്മൽ വീട്ടിലിരുന്നു അച്ഛൻ സുശീലും അമ്മ കൃഷ്ണയും രോഹന്റെ കളി കണ്ടു. കേരളം ഫൈനലിൽ കടന്നതോടെ മധുരം കൈമാറി കുടുംബാംഗങ്ങൾ സന്തോഷം പങ്കുവച്ചു. സുശീലിന്റെ അച്ഛൻ ഗോവിന്ദനും പേരക്കുട്ടിയുടെ വിജയാഹ്ലാദത്തിൽ പങ്കുചേർന്നു. ഹാപ്പി ഹെൽത്ത് ഇന്ത്യ കമ്പനിയുടെ വിതരണക്കാരനാണ് രോഹന്റെ പിതാവ് സുശീൽ. അമ്മ കൊയിലാണ്ടി കേരള ബാങ്ക് മാനേജരുമാണ്. ഏക സഹോദരി എസ്.ജിത കോഴിക്കോട് ക്രിസ്ത്യൻ കോളജിൽ ബി.എ വിദ്യാർഥിനിയാണ്.