ഫെബ്രുവരിയില്‍ നടത്താനിരുന്ന എട്ട്, ഒമ്പത് ക്ലാസിലെ ചില പരീക്ഷകള്‍ മാര്‍ച്ചിലേക്ക് മാറ്റി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ക്ലാസുകള്‍ പൂര്‍ത്തിയാക്കും മുമ്പേ പരീക്ഷ നടത്തുന്നതില്‍ പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ മാര്‍ച്ചിലേക്ക് മാറ്റിയത്. ഫെബ്രുവരി 25-ന് ഉച്ചയ്ക്കുശേഷം നടത്താന്‍ നിശ്ചയിച്ചിരുന്ന ഒമ്പതിലെ ബയോളജി പരീക്ഷ മാര്‍ച്ച് 15-ന് രാവിലെ നടത്തും. 27-ന് ഉച്ചയ്ക്ക് നടത്താനിരുന്ന സാമൂഹ്യശാസ്ത്രം മാര്‍ച്ച് 18-ന് രാവിലെയും നടത്തും.
ഫെബ്രുവരി 25-ന് രാവിലെ നടത്താനിരുന്ന എട്ടിലെ ഹിന്ദിയും ഒമ്പതിലെ ഒന്നാംഭാഷാ പേപ്പര്‍-2 പരീക്ഷയും മാര്‍ച്ച് 11-ലേക്ക് മാറ്റി. ഇതേദിവസം നടത്താനിരുന്ന എട്ടിലെ ഒന്നാം ഭാഷാ പേപ്പര്‍-2 പരീക്ഷ മാര്‍ച്ച് 25-ലേക്ക് മാറ്റി. ഫെബ്രുവരി 27-ന് നടത്താനിരുന്ന എട്ടിലെ കലാ-കായിക പ്രവൃത്തിപരിചയം പരീക്ഷ മാര്‍ച്ച് 27-ന് രാവിലെയുമാക്കി മാറ്റി ക്രമീകരിച്ചു.