കൊയിലാണ്ടി : മണക്കുളങ്ങര ക്ഷേത്ര ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ തലത്തിലോ ദേവസ്വം ബോര്‍ഡിലോ ജോലി നല്‍കണമെന്നും, വന്യജീവി അക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുകയായ 10 ലക്ഷം രൂപ വീതം മരണപ്പെട്ട കുടുംബങ്ങള്‍ക്ക് അനുവദിക്കണമെന്നും, പരിക്കേറ്റവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരത്തുകയും ചികിത്സാ സഹായവും ഉടന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ്സ് കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റി നാളെ (19-02-2015 ബുധനാഴ്ച) മാവിന്‍ ചുവട്ടിൽ ധര്‍ണ്ണ നടത്തും.
ഡി. സി. സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍കുമാര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. പരിക്ക് പറ്റി ചികിത്സയിലുള്ളവരുടെ അവസ്ഥ പരിതാപകരമാണ്, ഭൂരിഭാഗം പേരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമാണ്. ഈ സാഹചര്യത്തില്‍ മികച്ച തുടര്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അലംഭാവം കാണിക്കുകയും, ചികിത്സാസഹായമോ നഷ്ടപരിഹാരമോ നല്‍കാതിരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ് എന്നും മണ്ഡലം പ്രസിഡണ്ട് അരുണ്‍ മണമല്‍ പറഞ്ഞു. അപകടത്തില്‍ മരണപ്പെട്ട വ്യക്തിയുടേത് ഉള്‍പ്പെടെയുള്ള സ്വര്‍ണ്ണാഭരണങ്ങളും മറ്റും കാണാതായി എന്ന പരാതിയും പുറത്ത് വന്നിട്ടുണ്ട്. ഇത് നാടിനാകെ അപമാനകരമാണ്. ഈ വിഷയത്തിലും അടിയന്തര അന്വേഷണം പോലീസ് നടത്തണമെന്നും കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.