പരിണിതിയിൽ നിന്ന് പരിണിതിയിലേക്ക് വികസിക്കുന്ന കഥകളാണ് എം.ശ്രീഹർഷന്റേത് എന്ന് പ്രശസ്ത കഥാകൃത്തും സംവിധായകനുമായ ഡോ.ജി.പ്രഭ അഭിപ്രായപ്പെട്ടു. യാഥാർഥ്യത്തെയും അയാഥാർഥ്യത്തെയും തിരിച്ചറിയാനാവാത്തവിധം ഇണക്കിച്ചേർത്തു കൊണ്ടുള്ള ആഖ്യാന ശൈലിയും അനനുകരണീയമായ ഭാഷയും ആ കഥകളെ ഹൃദ്യമാക്കുന്നുണ്ട്. ബെംഗളുരു കഥാരംഗം സാഹിത്യ വേദിയുടെ ചെറുകഥാ അവാർഡ് എം.ശ്രീഹർഷന് സമർപ്പിച്ച കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 10000 രൂപയും പ്രശസ്തിപത്രവും ശില്‌പവും അടങ്ങുന്നതാണ് പുരസ്കാരം.നോവലിസ്റ്റ് കെ. കവിത ആധ്യക്ഷ്യം വഹിച്ചു. നിംനാസിന്റെ മുൻ മേധാവി ഡോ.ടി.മുരളി ഉദ്ഘാടനം ചെയതു.
സത്യാസത്യങ്ങളുടെ പരസ്പരം വേർതിരിക്കാനാവാത്ത നേർത്ത രേഖയിലൂടെ നൂൽപ്പാലത്തിലൂടെയെന്നപോൽ കടന്നുപോവുന്ന മാനസികാവസ്ഥയിൽ നിന്നാണ് തന്റെ കഥകൾ പിറവി കൊള്ളാറുള്ളത്. ഉരുകിയ മെഴുകു പോലെ അതിനു വേണ്ട ഭാഷ അപ്പപ്പോൾ വഴങ്ങി വരികയാണ് ചെയ്യാറെന്ന് അവാർഡ് സ്വീകരിച്ചു കൊണ്ട് എം.ശ്രീഹർഷൻ പറഞ്ഞു. ശ്രീഹർഷന്റെ അകാരം എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. കഥാരംഗം പ്രസിഡന്റ് ടി.കെ.രവീന്ദ്രൻ, എഴുത്തുകാരി അനിതാ പ്രേംകുമാർ എന്നിവർ പ്രസംഗിച്ചു.