കൊയിലാണ്ടി: ക്ഷേത്രങ്ങളിലും ഉല്‍സവങ്ങളിലും ആന തന്നെ വേണമെന്ന് ശാഠ്യം പിടിക്കുന്നവരെ സമാധാനിപ്പിച്ചു നിര്‍ത്താന്‍ റോബോട്ട് ആനകളുമായി തൃശൂരിലെ ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോര്‍സും പെറ്റ ഇന്ത്യ (പ്യൂപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഫോര്‍ അനിമല്‍) എന്ന സന്നദ്ധ സംഘവും. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന എഴുന്നള്ളിപ്പിനിടെ ഉണ്ടായ ദുരന്തത്തില്‍ മൂന്ന് പേര്‍ മരിക്കാനും, നിരവധി പേര്‍ മരിക്കാനും ഇടയായ സംഭവത്തെ തുടര്‍ന്നാണ് ഭാവിയില്‍ ഈ ക്ഷേത്രത്തില്‍ ജീവനുള്ള ആനകളെ ഉപയോഗിച്ച് എഴുന്നള്ളത്ത് നടത്തില്ലെന്ന് രേഖാമൂലം അറിയിച്ചാല്‍ പകരം സംവിധാനമെന്ന നിലയില്‍ റോബോട്ട് ആനയെ നല്‍കാമെന്ന വാഗ്ദാനവുമായി പെറ്റ ഇന്ത്യ രംഗത്തെത്തിയത്. മൃഗങ്ങളെ സാന്മാര്‍ഗ്ഗികമായി ഉപയോഗപ്പെടുത്താന്‍ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്ന അന്താരാഷ്ട സംഘടനയാണിത്. തൃശൂര്‍ തിരുവമ്പാടി കുന്നത്ത് ലെയ്‌നില്‍ പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോര്‍സിന്റെ സഹകരണത്തോടെയാണ് പെറ്റ ഇന്ത്യ ആനകളെ ദാനമായി നല്‍കുക. ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോര്‍സ് സെക്രട്ടറി വി.കെ.വെങ്കിടാചലമാണ് ഇക്കാര്യം അറിയിച്ചത്.
ആനപീഡനം തടയുന്നതിന്റെ ഭാഗമായി ജീവനുള്ള ആനകളെ എഴുന്നെള്ളിക്കുകയില്ലന്ന് സത്യവാങ്മൂലം എഴുതി നല്‍കുന്ന ആരാധാനലയങ്ങള്‍ക്കാണ് ജീവനുളള ആനയുടെ അതേ വലിപ്പത്തില്‍ ഒരു റോബോട്ട് ആനയെ ദാനം ചെയ്യുവാന്‍ സന്നദ്ധമായി പെറ്റ ഇന്ത്യ രംഗത്തെത്തിയത്. തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെറിട്ടേജ് അനിമല്‍ ടാസ്‌ക് ഫോര്‍ഴ്‌സുമായി ചേര്‍ന്നാണ് ഈ പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നത്. റോബോട്ട് ആനയോ വേണ്ടാത്തവര്‍ക്ക് രഥമോ, തേരോ ദാനം ചെയ്യുവാനും പെറ്റ ഇന്ത്യ ഒരുക്കമാണ്.
കണ്ണിലെ കൃഷ്ണമണി ചലിക്കുകയും ചെവിയും തുമ്പികൈയും വാലും ചലിക്കുകയും ചെയ്യുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഫൈബര്‍ ആനയെയാണ് പെറ്റ ഇന്ത്യ ദാനം ചെയ്യുക. ഏണി വെച്ച് ആനപുറത്ത് കയറി നാല് പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. തിടമ്പ് വെച്ചുകെട്ടാന്‍ സൗകര്യമുണ്ട്. കോലം, കുട, ആലവട്ടം, വെഞ്ചാമരം എന്നിവ പിടിക്കുന്ന നാല് പേര്‍ക്ക് ഈ റോബോട്ട് ആനയുടെ പുറത്ത് സുഖമായി ഇരിക്കാം. തുമ്പികൈയും തലയും വാലും ചെവിയും ചലിപ്പിക്കുന്നതിനായി ഘടിപ്പിച്ചിട്ടുള്ള ബാറ്ററി ആളുകള്‍ക്ക് വൈദ്യുതിയാഘാതം ഏല്‍ക്കാത്ത വിധത്തിലാണ് റോബോട്ട് ആനയുടെ ഉള്ളില്‍ സജ്ജമാക്കുന്നത്. എട്ട് ലക്ഷം രൂപയോളം ആനയ്ക്ക്‌ചെലവ് വരും. എട്ട് ക്വിന്റല്‍ (800 കിലോ) ആണ് തൂക്കം വരുക. ഇത്തരത്തില്‍ ദാനം ചെയ്യുന്ന റോബോട്ട് ആനയെ ലഭിക്കുന്നവര്‍ അതിനെ ആരാധാനലയത്തിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാനും അതിന്റെ ഉപയോഗം മറ്റുള്ള ആരാധനാലയങ്ങളിലേക്ക് വ്യാപിപ്പിക്കുവാനും ശ്രമിക്കണമെന്നാണ് ഇവര്‍ പറയുന്നത്. മറ്റ് ആവശ്യങ്ങള്‍ക്ക് ആനയെ റോബോട്ട് ആനയെ നല്‍കുമ്പോള്‍ അതില്‍ നിന്നുളള വാടക ക്ഷേത്രാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. റോബോര്‍ട്ട് ആനയുടെ ആദ്യത്തെ രണ്ട് വര്‍ഷത്തെ പരിപാലന (മെയിന്റനന്‍സ്) ചിലവ് പെറ്റ ഇന്ത്യ തന്നെ വഹിക്കും. ഈ റോബോട്ട് ആന ചക്രം ഘടിപ്പിച്ച ഫ്‌ളാറ്റ്‌ഫോം ഉപയോഗിച്ച് ഭക്തര്‍ക്ക് തള്ളി നീക്കാവുന്നതുമാണ്.
തിരുവനന്തപുരം വെങ്ങാനൂര്‍ ബാലതൃപുരസുന്ദരി ദേവിക്ഷേത്രം,എറണാകുളം കാലടി കൈത്തളി ശിവക്ഷേത്രം),കണ്ണൂര്‍ കണ്ണവം വടക്കുമ്പാട് ശിവവിഷ്ണുക്ഷേത്രം, തൃശൂര്‍ ഇരിങ്ങാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രം,കോമ്പാറ ശ്രീകൃഷ്ണക്ഷേത്രം എന്നീ അഞ്ച് ക്ഷേത്രങ്ങളില്‍ പെറ്റഇന്ത്യ റോബോട്ട് ആനകളെ സൗജന്യമായി നല്‍കിയിട്ടുണ്ട്. ഇത്തരം റോബോട്ട് ആനയോ രഥമോ ആവശ്യമുളള ക്ഷേത്രങ്ങള്‍,ആന ഉടമകള്‍ എന്നിവര്‍ ഹെറിട്ടേജ് അനിമല്‍ ടാസ്‌ക് ഫോഴ്സുമായി ബന്ധപ്പെടണമെന്ന് വെങ്കിടാചലം അറിയിച്ചു. ഫോണ്‍: 9495712811,8700935202.
2018-ലെ കണക്കു പ്രകാരം കേരളത്തില്‍ 521 നാട്ടാനകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രാകം നാട്ടാനകളുടെ എണ്ണം 357 ആയി കുറഞ്ഞു. അടുത്ത പത്ത് വര്‍ഷത്തിനുളളില്‍ എണ്ണം ഇനിയും കുറയാനാണ് സാധ്യത.