നാദാപുരം കണ്ടിവാതുക്കൽ വാഴമലയിൽ വൻ തീപിടുത്തത്തിൽ 50 ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു. റബ്ബർ, തെങ്ങ്, വാഴ തുടങ്ങിയ കൃഷികളും ഇടവിള കൃഷിയുമാണ് പ്രധാനമായും കത്തി നശിച്ചത്. പാനൂരിൽ നിന്നും അഗ്നി ശമന സേന സ്ഥലത്തെത്തിയെങ്കിലും തീ പൂർണമായും നിയന്ത്രണ വിധേയമാക്കാനായിട്ടില്ല.
കണ്ണൂർ ജില്ലയോട് ചേർന്ന ഭാഗങ്ങളിൽ ഇന്നലെ തീപിടിച്ചിരുന്നു. വനം വകുപ്പും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇന്ന് രാവിലെ തീ കോഴിക്കോട് ജില്ലയുടെ ഭാഗത്തേക്ക് പടർന്ന് കയറുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തീപിടുത്തം കർഷകർക്ക് കനത്ത നഷ്ടമാണുണ്ടാക്കിയത്.
പാനൂരിൽ നിന്നും അഗ്നി ശമന സേന സ്ഥലത്തെത്തിയെങ്കിലും കാടിന്റെ ഉൾഭാഗത്ത് കടക്കാൻ കഴിഞ്ഞില്ല. റോഡിനോട് ചേർന്ന ഭാഗത്തുള്ള തീയാണ് പ്രധാനമായും അഗ്നിശമന അണയ്ക്കാൻ കഴിഞ്ഞത്. ഉയർന്ന ഭാഗങ്ങളിലുള്ളത് നാട്ടുകാരുടെ സഹായത്തോടെയാണ് അണച്ചത്. തീ അണച്ചെങ്കിലും കൃഷിയിടത്ത് പല ഭാഗത്ത് നിന്നും തീയും പുക ഉയരുന്നത് വീണ്ടും തീപ്പടരുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.