കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നല്‍കി. ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍ ക്ഷേത്രത്തിലെത്തിയ ശേഷം മരണ വീടുകളിലെത്തിയാണ് ചെക്ക് കൈമാറിയത്. മരിച്ച ഊരളളൂര്‍ വടക്കയില്‍(കാരയാട്) രാജന്റെ ബന്ധുക്കള്‍ക്ക് ക്ഷേത്ര പരിസരത്ത് വെച്ചു തന്നെ ചെക്ക് കൈമാറി. മരിച്ച കുറുവങ്ങാട് വട്ടാങ്കണ്ടി താഴ ലീല, താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ എന്നിവരുടെ വീട്ടിലെത്തിയാണ് ചെക്ക് കൈമാറിയത്.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മൂന്ന് ലക്ഷം രൂപയും മലബാര്‍ ദേവസ്വം ബോര്‍ഡ് രണ്ട് ലക്ഷം രൂപയുമാണ് നല്‍കിയത്. രണ്ടും കൂടി ചേര്‍ത്താണ് അഞ്ചു ലക്ഷം രൂപ കൈമാറിയതെന്ന് മന്ത്രി വാസവന്‍ പറഞ്ഞു. ഉത്സവങ്ങള്‍ക്ക് ആന എഴുന്നളളത്തുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പാലിക്കും. പക്ഷെ ഹൈക്കോടതി വിധി സുപ്രിം കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തില്‍ തുടര്‍ നടപടികളെ കോടതി തീരുമാനത്തിനടിസ്ഥാനത്തിലായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. മണക്കുളങ്ങര ദുരന്തത്തെക്കുറിച്ചും വനം വകുപ്പും പോലീസും അന്വേഷണം നടത്തുന്നുണ്ട്. അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍,മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ടി.സി ബിജു,കാനത്തില്‍ ജമീല എം.എല്‍.എ,നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട്, സി.പി.എം ജില്ലാ സെക്രട്ടറി എം.മെഹബൂബ് എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
ആനയിടഞ്ഞുണ്ടായ സംഭവത്തെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് മരിച്ച അമ്മുക്കുട്ടി അമ്മയുടെ മകന്‍ ദാസന്‍ മന്ത്രിയോടാവശ്യപ്പെട്ടു.