തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ്, ഡിവിഷന്‍ വിഭജനവും അതിര്‍ത്തി നിര്‍ണയവും സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി നടത്തിയ ഹിയറിങ് സമാപിച്ചു. ഡീലിമിറ്റേഷന്‍ കമ്മിഷന്‍ ചെയര്‍മാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറുമായ എ ഷാജഹാന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഹിയറിങ്ങിൽ പരാതികൾ കേട്ടു. ഹിയറിങിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച 886 പരാതികളാണ് പരിഗണിച്ചത്. ആദ്യ ദിനമായ ഫെബ്രുവരി 13 ന് 1068 പരാതികളാണ് കമ്മിഷന്റെ മുന്നിലെത്തിയത്.
എല്ലാ ജില്ലകളിലെയും സിറ്റിംഗ് കഴിഞ്ഞതിനു ശേഷം കമ്മിഷന്റെ ഫുൾ സിറ്റിങ്ങിനു ശേഷമാണു വാർഡ് വിഭജനത്തിന്റെ അന്തിമ തീരുമാനം കൈക്കൊള്ളുക. രാവിലെ ഒമ്പതിന് തുടങ്ങിയ ഹിയറിങ് വൈകീട്ട് ഏഴിനാണ് അവസാനിച്ചത്. രാവിലെ ഒമ്പത് മണി മുതല്‍ ബാലുശ്ശേരി, പന്തലായനി, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്കു കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലെയും 11 മണി മുതല്‍ കോഴിക്കോട്, കുന്ദമംഗലം ബ്ലോക്കിനു കീഴിലെ ഗ്രാമപഞ്ചായത്തുകള്‍, രാമനാട്ടുകര മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെയും ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ മേലടി, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലെ ഗ്രാമപഞ്ചായത്തുകളിലെയും പരാതികളാണ് പരിഗണിച്ചത്. ഹിയറിങ്ങിൽ ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറി ജോസ്ന മോൾ, ഡെപ്യൂട്ടി കളക്ടർ (തെരഞ്ഞെടുപ്പ്) ശീതൾ ജി മോഹൻ എന്നിവരുമുണ്ടായിരുന്നു.