കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനകളെ എഴുന്നള്ളിച്ചതില്‍ നാട്ടാന പരിപാലന നിയമ പ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് ജില്ലാ ഭരണ കൂടത്തിന്റെയും മോണിറ്ററിംങ്ങ് കമ്മിറ്റിയിടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും കണ്ടത്തലുകളെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. ആന ഇടഞ്ഞു മൂന്ന് പേര്‍ മരിക്കാനിടയായ മണക്കുളങ്ങര ക്ഷേത്രം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
റിപ്പോര്‍ട്ടില്‍ പറയുന്ന എല്ലാ കാര്യങ്ങളും നിഷ്പക്ഷമായി പരിശോധിച്ച് തെറ്റ് ചെയ്തവര്‍ ആരായാലും കര്‍ശന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. ക്ഷേത്ര പരിസരത്ത് നടത്തിയ വെടിക്കെട്ടുമായി ബന്ധപ്പെട്ട് വേണ്ടത്ര ശുഷ്‌കാന്തി കാണിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. വെടിക്കെട്ടിന്റെ ശബ്ദം ആനകളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. മണക്കുളങ്ങര ക്ഷേത്രത്തില്‍ കമ്മിറ്റി ഭാരവാഹികള്‍ മനപൂര്‍വ്വം ഉണ്ടാക്കിയ ദുരന്തമല്ല ഉണ്ടായത്. എന്നാലും കോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ട് മുന്നോട്ട് പോകാന്‍ മാത്രമേ സര്‍ക്കാറിന് സാധിക്കുകയുളളു. സംഭവത്തില്‍ ഇതിനകം തന്നെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമപരമായി നീങ്ങുമ്പോള്‍ അമ്പലകമ്മിറ്റിക്കാര്‍ക്കും നിയമപരമായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ അവസരമുണ്ടാവും.
ആനയിടഞ്ഞുണ്ടായ സംഭവത്തില്‍ മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ടത് നിലവിലെ കീഴ് വഴക്കമനുസരിച്ച് അതാത് ക്ഷേത്ര കമ്മിറ്റികളുടെ ചുമതലയാണ്. മണക്കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നാണ് അറിവ്. അതു പ്രകാരമുള്ള നഷ്ടപരിഹാരം കുടുംബങ്ങള്‍ക്ക് ലഭിക്കും. ഇത് കൂടാതെ സര്‍ക്കാറില്‍ നിന്ന് കൂടുതലായി സാമ്പത്തിക സഹായം അനുവദിക്കണമെന്ന് കാനത്തില്‍ ജമീല എം.എല്‍.എ ആവശ്യപ്പെട്ടിട്ടുണ്ട്.