കൊയിലാണ്ടി: ക്ഷേത്രോത്സവങ്ങളിൽ ആനകളെ എഴുന്നള്ളിപ്പ് പ്രോത്സാഹിപ്പിക്കരുതെന്നും ആന എഴുന്നള്ളിപ്പ് ആചാരത്തിൻ്റെ ഭാഗമല്ലെന്നും കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രം മേൽശാന്തി പെരുമ്പള്ളി ഇല്ലം പ്രദീപൻ നമ്പൂതിരി. മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടയിൽ ആന ഇടഞ്ഞതിനെ തുടർന്നു ആനപ്പുറത്തുനിന്ന് താഴെ വീണു പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സ തേടി വീട്ടിൽ തിരിച്ചെത്തിയ പ്രദീപ് നമ്പൂതിരി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
എഴുന്നള്ളത്തിന് ആനയെത്തന്നെ ഉപയോഗിക്കണമെന്ന് ശാഠ്യം പിടിക്കരുത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരും കോടതിയും എല്ലാം നിലപാട് വ്യക്തമാക്കണം. ആളപായം കൂടിവരുന്ന സാഹചര്യത്തിൽ ആനകൾക്ക് പകരം രഥം, തേര്, പ്രത്യേകം വാഹനങ്ങൾ എന്നിവ എഴുന്നള്ളത്തിന് ഉപയോഗിക്കാവുന്നതാണ്. മരണത്തോട് മുഖാമുഖം കണ്ട ഒരു വ്യക്തിയാണ് ഞാൻ. ദൈവത്തിൻ്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് മണക്കുളങ്ങര ക്ഷേത്രത്തിൽ നിന്ന് രക്ഷപ്പെട്ടത്. ജീവൻ നഷ്ടമാകും എന്ന ഭീതി ഉണ്ടായിരുന്നു. എന്തും സംഭവിച്ചേക്കാവുന്ന നില വന്നപ്പോഴാണ് ആനപ്പുറത്തുനിന്ന് ചാടിയത്. ആന എഴുന്നള്ളിപ്പ് ആചരണത്തിന്റെ ഭാഗമാണെന്ന് പറയാൻ ആവില്ല.
പത്തു വർഷംമുമ്പ് മണക്കുളങ്ങര ക്ഷേത്രത്തിൽ എഴുന്നള്ളത്തിനായി കൊണ്ടുവന്ന ആന ഓടിയിട്ടുണ്ട്. ഏതാനും വർഷം മുൻപ് തൻ്റെ സഹോദരൻ വളയനാട് ക്ഷേത്രത്തിൽ നിന്നും ആനപ്പുറത്തുനിന്ന് ഇലക്ട്രിക് പോസ്റ്റിലേക്ക് കയറി രക്ഷപ്പെടുകയായിരുന്നു. ആനയെ എഴുന്നള്ളിക്കുമ്പോൾ അകലം പാലിച്ചു നിർത്തണമെന്നൊക്കെ പറയുന്നതിൽ ഒരു ഒരർത്ഥവുമില്ല. ചെറിയ ക്ഷേത്രമുറ്റങ്ങളിൽ കൂടുതൽ ആനകളെ അണിനിരത്തി എഴുന്നള്ളിക്കുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.