കുടുംബശ്രീ വനിതകളുടെ നേതൃത്വത്തിൽ പ്രാദേശികമായി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് സ്ഥിരം വിപണി സൃഷ്ടിക്കാനും അതുവഴി നൂറുകണക്കിന് വനിതകൾക്ക് സ്ഥിര വരുമാനം ഉറപ്പുവരുത്താനും കഴിഞ്ഞ കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി വീണ്ടും അംഗീകാരത്തിന്റെ നിറവിൽ.
ബിസിനസ് ഇൻസൈറ്റ് മാഗസിൻ ഏർപ്പെടുത്തിയ സോഷ്യൽ എൻ്റർപ്രൈസസ് ഓഫ് ദി ഇയർ അവാർഡിനാണ് ഹോംഷോപ്പ് പദ്ധതി അർഹമായത്. കൊച്ചി ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന ഇൻസ്പെയർ കേരള ബിസിനസ് സമ്മിറ്റിൽ വച്ച് പദ്ധതിയുടെ സെക്രട്ടറി പ്രസാദ് കൈതക്കൽ, പ്രസിഡണ്ട് സതീശൻ സ്വപ്നക്കൂട് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. പത്മശ്രീ. ജോൺ കുര്യൻ മേളം പറമ്പിൽ അവാർഡ് ദാനം നടത്തി. ശ്രീമതി. ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, ദന്ത് കെയർ ദന്തൽ ലാബ് സ്ഥാപകൻ ജോൺ കുര്യാക്കോസ്, ബീറ്റ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ജയരാജ് പിള്ള, ബിസിനസ് ഇൻസൈറ്റ് മാഗസിൻ ചെയർമാൻ ശ്രീ. ഹാഷിം തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
2010 ജൂലൈ 29ന് കൊയിലാണ്ടിയിൽ തുടക്കമിട്ട പദ്ധതി, കേരള സർക്കാർ ഏറ്റെടുത്ത് കെ- ലിഫ്റ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിലെ മുഴുവൻ ജില്ലകളിലേക്കും ഇതിനകം വ്യാപിപ്പിച്ചു കഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ മാനേജ്മെൻറ് ടീം തന്നെയാണ് മലപ്പുറം ജില്ലയിലും പദ്ധതിക്ക് നേതൃത്വം നൽകുന്നത്. സ്കോച്ച് ഓർഡർ ഓഫ് മെറിറ്റ് ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇതിനകം തന്നെ കോഴിക്കോട് ജില്ലയിലെ ഹോംഷോപ്പ് പദ്ധതി നേടിയിട്ടുണ്ട്.