കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് നടപ്പാക്കുന്ന എന്റെ വീട് പദ്ധതിയിൽ, പ്ലാസ്റ്റിക് പുനഃചംക്രമണത്തിലൂടെ നിർമിച്ച വീടിന്റെ താക്കോൽ കായണ്ണയിൽ നടന്ന ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ്, ചോലക്കൽ മീത്തൽ ഷൈനിക്കും കുടുംബത്തിനും കൈമാറി.
മാതൃഭൂമിയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ചേര്‍ന്ന് കോഴിക്കോട് കോര്‍പ്പറേഷനിലെ എടക്കാട് വാര്‍ഡില്‍ നടപ്പാക്കിയ ‘എന്റെ എടക്കാട്’ പദ്ധതിയില്‍ ശേഖരിച്ച പ്ലാസ്റ്റിക്കില്‍നിന്ന് ആറര ടണ്‍ പുനഃചംക്രമണം ചെയ്താണ് കട്ടകള്‍ നിര്‍മിച്ചത്. ഓറിയോണ്‍ പോളിമേഴ്സായിരുന്നു നിര്‍മാതാക്കള്‍. മഴയും മഞ്ഞും വെയിലുമൊന്നും ഏല്‍ക്കാതെ കാക്കാനുള്ള മേല്‍ക്കൂരകളാകട്ടെ പ്ലാസ്റ്റിക്കില്‍നിന്ന് ഉയിര്‍കൊണ്ട ഓടുകളാണ്. ഈര്‍പ്പത്തെയും തീയെയും ചെറുക്കാനും കഴിവുള്ള കട്ടകളെല്ലാം പുനരുപയോഗിക്കാമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.