നർത്തകനായ ആര്‍എല്‍വി രാമകൃഷ്ണനെതിരായ വിവാദ പരാമർശങ്ങളിൽ കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം. യുട്യൂബ് ചാനലിൽ വന്ന അഭിമുഖത്തില്‍ രാമകൃഷ്ണനെ തന്നെയാണ് സത്യഭാമ അധിക്ഷേപിച്ചതെന്നും പട്ടികജാതിക്കാരനാണ് എന്ന ബോധ്യത്തോടെയാണ് സംസാരിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. വിവാദ അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനല്‍ ഉടമ സുമേഷ് മാര്‍ക്കോപോളോയും കേസില്‍ പ്രതിയാണ്.
ചാലക്കുടിക്കാരൻ നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമര്‍ശം. സംഗീത നാടക അക്കാദമിയുമായി ഇയാൾക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും പറഞ്ഞു. പേര് പരാമർശിച്ചില്ലെങ്കിലും പ്രതികരണവുമായി നർത്തകനും നടനുമായ ആർ.എൽ.വി രാമകൃഷ്ണൻ രംഗത്ത് വന്നതോടെയാണ് വലിയ ചർച്ചയായത്. വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും മാപ്പ് പറയാനോ തിരുത്താനോ സത്യഭാമ തയ്യാറായിരുന്നില്ല.