കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞതിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ വനം വകുപ്പ് അധികൃതര്‍ പ്രാഥമിക പരിശോധന നടത്തി. സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ആര്‍.കീര്‍ത്തി ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. നാട്ടാന പരിപാലന ചട്ടം ലംഘിച്ചോ എന്ന കാര്യം പരിശോധിക്കുമെന്ന് അവര്‍ പറഞ്ഞു. ആന ഇടഞ്ഞ സംഭവത്തെ കുറിച്ച് വനം മന്ത്രി ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററോട് (സോയല്‍ ഫോറസ്ട്രി) പ്രാഥമിക റിപോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ട് വെള്ളിയാഴ്ച തന്നെ മന്ത്രിയ്ക്ക് സമര്‍പ്പിച്ചു.
ആന എഴുന്നളളിപ്പില്‍ നിയമ ലംഘനം ഉണ്ടെങ്കില്‍ കര്‍ശന നടപടി ശുപാര്‍ശ ചെയ്യുമെന്ന് ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ പറഞ്ഞു. രണ്ട് ആനകളെയാണ് എഴുന്നളളിപ്പിന് സജ്ജമാക്കി നിര്‍ത്തിയത്. ആനകള്‍ തമ്മില്‍ നിശ്ചിത അകലം ഉണ്ടായിട്ടുണ്ടെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ മൊഴി നല്‍കിയത്.എങ്കിലും വിശദമായ പരിശോധന നടത്തും. അപകടത്തില്‍ പരിക്കേറ്റവരില്‍ നിന്നും വിവരം ശേഖരിക്കും. രണ്ട് ആനകള്‍ക്കും എഴുന്നള്ളിക്കാന്‍ അനുമതി നല്‍കിയിരുന്നുവെന്ന് അവര്‍ പറഞ്ഞു.