കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സ്ഥലമാണ് നടക്കാവ് പോലീസ് സ്റ്റേഷന്‍. ഈ പോലീസ് സ്റ്റേഷനാവട്ടെ നഗരത്തിലെ പ്രധാന പോലീസ് സ്റ്റേഷനുകളില്‍ ഒന്നുമാണ്. വടക്കന്‍ ജില്ലകളില്‍ നിന്ന് കോഴിക്കോട് നഗരത്തിലേക്ക് എത്തിച്ചേരുന്ന യാത്രക്കാര്‍ക്ക് വയനാട് റോഡിലേക്കുള്ള ഒരു പ്രവേശന കവാടമാണ് നടക്കാവ് പോലീസ് സ്റ്റേഷന്‍. നടക്കാവ് പോലീസ് സ്റ്റേഷനില്‍ നിന്ന് ഇടത്തോട്ടുള്ള റോഡിലൂടെയാണ് വയനാട് റോഡിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നത്. 1904-ലാണ് നടക്കാവില്‍ പോലീസ് സ്റ്റേഷന്‍ തുടങ്ങുന്നതിന്റെ ആലോചനകള്‍ വളരെ ഗൗരവമായി ആരംഭിക്കുന്നത്. ആര്‍ക്കൈവ്സ് രേഖ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നു.
മദ്രാസ് ഗവണ്‍മെന്റ് ജൂഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഫയലിലെ ഗവണ്‍മെന്റ് ഓര്‍ഡര്‍ നമ്പര്‍ 771 പ്രകാരമാണ് നടക്കാവില്‍ പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നത്. 1904 ആഗസ്റ്റ് 13ന് ഡബ്ലിയു.ഒ. ഹോണ്‍ ഐ.സി.എസ്. മലബാറിലെ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് മദ്രാസിലെ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ ഇപ്രകാരം പറയുന്നു: മലബാര്‍ ജില്ലയിലെ കോഴിക്കോട് നഗരത്തിലെ നടക്കാവ് ഒരു പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള ശുപാര്‍ശ അങ്ങയുടെ മുമ്പാകെ സമര്‍പ്പിക്കുന്നു.
ശുപാര്‍ശയുടെ ഉള്ളടക്കം: കോഴിക്കോട് മുന്‍സിപ്പാലിറ്റി ഏതാണ്ട് 26 സ്‌ക്വയര്‍ മൈലില്‍ വ്യാപിച്ചുകിടക്കുന്നു. ജനസംഖ്യ 76981. മുന്‍സിപ്പാലിറ്റി മൊത്തം അഞ്ചു മൈല്‍ നീളമുണ്ട്. ആറ് സര്‍ക്കിളിലായി അഥവാ വാര്‍ഡുകളിലായി മുന്‍സിപ്പാലിറ്റി വ്യാപിച്ചുകിടക്കുന്നു. കോഴിക്കോട് മുന്‍സിപ്പാലിറ്റിയിലെ എല്ലാ ഭാഗങ്ങളും പോലീസിന്റെ നിയമപരിധിക്കുള്ളില്‍ പെടുന്നു. ഈ നഗരം കടലിനും കനോലി കനാലിനും ഇടയിലാണ്. രണ്ടു പോലീസ് സ്റ്റേഷനാണ് നഗരത്തിലുള്ളത്. ഒരു സ്റ്റേഷന്‍ കല്ലായിലാണ്. അഞ്ചു മൈല്‍ അകലെയുള്ള ബേപ്പൂരും കല്ലായി പോലീസ് സ്റ്റേഷന്റെ പരിധിയിലാണ്.
രണ്ടാമത്തെ പോലീസ് സ്റ്റേഷനാണ് മധ്യ പോലീസ് സ്റ്റേഷന്‍ എന്നറിയപ്പെടുന്ന നഗരത്തിലെ പ്രധാന പോലീസ് സ്റ്റേഷന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ സമീപത്താണ്. സര്‍ക്കിള്‍ 3 ല്‍ സ്ഥിതിചെയ്യുന്ന ഈ പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് സര്‍ക്കിള്‍ ഒന്നു മുതല്‍ നാലു വരെയുള്ള ഭാഗങ്ങള്‍. ഇതില്‍ നഗരത്തിലെ ഏറ്റവുമധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സര്‍ക്കിള്‍ മൂന്നിലും നാലിലുമാണ്. നഗരത്തിന്റെ ഹൃദയഭാഗങ്ങള്‍ ഈ സര്‍ക്കിളിലാണ്.
മൂന്നു മൈല്‍ അകലെ കിടക്കുന്ന സര്‍ക്കിള്‍ 5, 6, ഈ പ്രധാന പോലീസ് സ്റ്റേഷനില്‍ നിന്നും ഏറെ അകലെയാണ്.
ഇതുകൊണ്ട് കല്ലായിലെയും കോഴിക്കോട്ടെ പ്രധാന പോലീസ് സ്റ്റേഷനിലെയും പോലീസുകാര്‍ക്ക് ദൂരെയുള്ള സ്ഥലങ്ങളില്‍ ബീറ്റ് ഡ്യൂട്ടി ചെയ്ത് സ്വന്തം പോലീസ് സ്റ്റേഷനിലെത്താന്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഈ പ്രശ്നം ഞാന്‍ നേരിട്ടനുഭവിച്ചതാണ്. അതുകൊണ്ട് സര്‍ക്കിള്‍ 1, 2 ലെ അഥവാ വാര്‍ഡ് 1, 2 ലെ കാര്യങ്ങള്‍ക്കായി നടക്കാവില്‍ ഒരു പോലീസ് സ്റ്റേഷന്‍ അത്യാവശ്യമായി വന്നിരിക്കുകയാണ്. അതുകൊണ്ട് നടക്കാവില്‍ ഒരു പോലീസ് സ്റ്റേഷന്‍ ആരംഭിക്കണമെന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.
കോഴിക്കോട്- വയനാട്, കോഴിക്കോട്- തലശ്ശേരി റോഡുകളുടെ ജംഗ്ഷനിലാണ് പോലീസ് സ്റ്റേഷന് ആവശ്യമായ സ്ഥലമുള്ളത്. ജില്ലാ മജിസ്ട്രേട്ട് അനുവദിക്കുകയാണെങ്കില്‍ നമുക്ക് എളുപ്പത്തില്‍ ഇവിടെ സ്റ്റേഷന്‍ ആരംഭിക്കാവുന്നതാണ്. താഴെ പറയുന്ന പോലീസ് സ്റ്റേഷനിലേക്ക് നാല് ഹെഡ് കോണ്‍സ്റ്റബിള്‍മാരും 16 കോണ്‍സ്റ്റബിള്‍മാരും ആവശ്യമുണ്ട്. മേല്‍പ്പറഞ്ഞ പോലീസ് ഉദ്യോഗസ്ഥന്മാരുടെ ആവശ്യം പ്രധാന പോലീസ് സ്റ്റേഷനില്‍ നിന്ന് അഥവാ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ട്രാന്‍സ്ഫര്‍ വഴി പരിഹരിക്കാം. നിലവില്‍ അവിടെ 8 ഹെഡ് കോണ്‍സ്റ്റബിള്‍മാരും 65 കോണ്‍സ്റ്റബിള്‍മാരുമാണ് ഉള്ളത്.
പുതിയ പോലീസ് സ്റ്റേഷന്‍ ആരംഭിക്കുമ്പോള്‍ ഉണ്ടാകുന്ന ചെലവ് പ്രധാനമായും സെക്കന്‍ഡ് ക്ലാസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാസത്തില്‍ 4 രൂപ എന്ന അലവന്‍സും പുതിയ കെട്ടിടമുണ്ടാക്കാനുള്ള ചെലവും മാത്രമാണ്. ഇതിനായുള്ള ശുപാര്‍ശകള്‍ ഞാന്‍ കത്തിനോടൊപ്പം വെക്കുന്നു. 1904-ല്‍ ഈ ശുപാര്‍ശ മദ്രാസ് ഗവണ്‍മെന്റ് അംഗീകരിച്ചോ എന്നു വ്യക്തമല്ല. 1910-ല്‍ ആണ് നടക്കാവ് പോലീസ് സ്റ്റേഷന്‍ ആരംഭിച്ചത് എന്നാണ് കേരള പോലീസിന്റെ വെബ്സൈറ്റില്‍ കാണുന്നത്. ഏതായാലും ഇതിന്റെ ആലോചനകള്‍ 1904-ല്‍ തന്നെ ഉണ്ടായിരുന്നു.