നാലു പതിറ്റാണ്ടുകാലം കൊയിലാണ്ടിയുടെ സാഹിത്യ സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന കവി മേലൂർ വാസുദേവന്റെ നിര്യാണത്തിൽ പുകസ കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചനയോഗം നടത്തി. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും സ്നേഹമയമായി ഇടപെടുകയും ചേർത്തുപിടിക്കുകയും ചെയ്ത മനുഷ്യസ്നേഹിയായിരുന്നു മേലൂർ വാസുദേവനെന്ന് അനുശോചനയോഗത്തിൽ പങ്കെടുത്തവർ ഓർമ്മിച്ചു. കവി, നോവലിസ്റ്റ്, എഡിറ്റർ, വിവർത്തകൻ, നാടകകാരൻ, സംഗീത പണ്ഡിതൻ, വായനക്കാരൻ, സംഘാടകൻ എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിൽ തന്റെ പ്രതിഭ തെളിയിച്ച സമഗ്ര വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് പലരും വ്യക്തമാക്കി.
ദീർഘകാലം പുകസയുടെ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന മേലൂർ വാസുദേവൻ നിലവിൽ പുകസ കോഴിക്കോട് ജില്ലാകൗൺസിൽ അംഗമാണ്. കൊയിലാണ്ടി യു. എ. ഖാദർ സാംസ്കാരിക പാർക്കിൽ നടന്ന അനുശോചന യോഗത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ആദ്ധ്യക്ഷ്യം വഹിച്ചു.പുകസ മേഖലാ സെക്രട്ടറി മധു കിഴക്കയിൽ സ്വാഗതം പറഞ്ഞു. മേഖലാ പ്രസിഡന്റ് കെ. ശ്രീനിവാസൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
മുൻ എം. എൽ. എ. പി. വിശ്വൻ, മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ,നാടകകാരൻ ചന്ദ്രശേഖരൻ തിക്കോടി, കവിയും നോവലിസ്റ്റുമായ ഡോ. സോമൻ കടലൂർ,സി. പി. ഐ. എം. ഏരിയ സെക്രട്ടറി ടി. കെ. ചന്ദ്രൻ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഇ. കെ. അജിത്, കൗൺസിലർ യു. അസീസ്,പുകസ ജില്ലാ ജോയിന്റ് സെക്രട്ടറി സുരേഷ് കല്പത്തൂർ, കഥാകാരൻ പി. മോഹനൻ, സംഗീതജ്ഞൻ പ്രേംരാജ് പാലക്കാട്,ബ്ലോക്ക് പഞ്ചായത്തംഗം കെ. ടി. എം. കോയ, പുകസ ജില്ലാകമ്മിറ്റി അംഗം സി. അശ്വനിദേവ്, എൻ. ഇ. ഹരികുമാർ, കൊയിലാണ്ടി പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എ. സജീവ്കുമാർ പുകസ മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റ് പി. കെ. വിജയകുമാർ, പുകസ മേഖലാ ജോയിന്റ് സെക്രട്ടറി സി. പി. ആനന്ദൻ, പുകസ ജില്ലാകമ്മിറ്റി അംഗം ആർ. കെ ദീപ എന്നിവർ സംസാരിച്ചു.