എലത്തൂർ : എലത്തൂർ കോർപ്പറേഷൻ രണ്ടാം ഡിവിഷണിൽ ചെട്ടികുളം പ്രദേശത്ത് റെയിൽവെയുടെ സേഫ്റ്റി പോളിസിയുടെ ഭാഗമായി നിർമ്മിക്കുന്ന ഇരുമ്പു വേലി മൂലം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടരുതെന്ന് എം.കെ രാഘവൻ എം.പി ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി റെയിൽവെയുടെ ഭാഗത്ത് നിന്നും ഉണ്ടായ യാത്രാസംബന്ധമായ പ്രശ്നങ്ങൾ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് വിഷയം റെയിൽവെ ജനറൽ മാനേജർ, ഡിവിഷണൽ മാനേജർ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയതായും, സഞ്ചാര സ്വാതന്ത്യം ഹനിക്കുന്ന നടപടികൾ റെയിൽവെയുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്നും ഉറപ്പു ലഭിച്ചതായി റെയിൽവെ സ്റ്റാൻ്റിംങ്ങ് കമ്മറ്റി അംഗം കൂടിയായ എം.പി അറിയിച്ചു.
സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന ഇത്തരം നടപടികൾ ഏതെങ്കിലും ഒരു പ്രദേശത്തെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും, ഇത്തരം നടപടികൾ വിവിധ ഭാഗങ്ങളിൽ മുൻപ് ഉണ്ടായിട്ടുണ്ടെന്നും, റെയിൽവേ സേഫ്റ്റി പോളിസിയുടെ ഭാഗമായതിനാൽ തന്നെ ജനങ്ങൾ നേരിടുന്ന ഇത്തരം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടാവാൻ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും എംപി വ്യക്തമാക്കി.
മുമ്പ് എലത്തുർ റെയിൽവെ സ്റ്റേഷന് കിഴക്ക് ഭാഗത്തുള്ളവരുടെ യാത്രാ ദുരിതത്തിന് ഒരു പരിധി വരെ അറുതി വരുത്താൻ റെയിൽവെ അണ്ടർപാസ് അനുവദിപ്പിച്ച കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.