ചേമഞ്ചേരി: കരിമ്പനകളുടെ നാട്ടിൽ നിന്നും അവരെത്തി ചരിത്രമുറങ്ങുന്ന കാപ്പാടിന്റെ കടലിരമ്പം കേൾക്കുവാൻ. പാലക്കാട് കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിന്റേയും കാഞ്ഞിരപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലെ കിടപ്പു രോഗികൾ ,അവരുടെ കൂട്ടിരിപ്പുകാർ , വളണ്ടിയർമാർ , ഡോക്ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ നേഴ്സുമാർ, ആശാ വർക്കർമാർ എന്നിവരുൾപ്പെടുന്ന 150 അംഗ സംഘം കോഴിക്കോടിന്റെ മണ്ണിലേക്ക് സ്നേഹ സഞ്ചാരം എന്ന പേരിൽ പാലിയേറ്റീവ് രോഗികളുടെ ഉല്ലാസയാത്ര സംഘടിപ്പിച്ചു.
കോഴിക്കോട് നഗരത്തിലെ പ്ളാനറ്റോറിയത്തിലെ ആകാശക്കാഴ്ചകളുടെ മാസ്മരികതയിലും അസ്തമയത്തിന്റെ വർണ്ണവിസ്മയങ്ങൾ ഏറ്റുവാങ്ങുന്ന കാപ്പാട്ടിലെ കടൽക്കാഴ്ചയിലും രോഗികളും കൂട്ടിരിപ്പുകാരും ഒരു ദിവസത്തേക്കെങ്കിലും തങ്ങളുടെ ദുരിതക്കടലിനെക്കുറിച്ചുള്ള ചിന്തകളിൽ നിന്നും മോചിതരായി.
ബ്ളു ഫ്ളാഗ് സർട്ടിഫിക്കറ്റുള്ള കടൽത്തീരത്ത് അവർക്കു വേണ്ടി പാട്ടരങ്ങ് ജീവകാരുണ്യ കലാകേന്ദ്രം തിരുവങ്ങൂർ നാടൻ പാട്ടുകൾ കൊണ്ട് വിരുന്നൊരുക്കി. കലാസന്ധ്യയുടെ ഉദ്ഘാടന സമ്മേളനത്തിൽ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി രാമരാജൻ, വൈ.പ്രസിഡണ്ട് സിദ്ധിഖ്, കോഴിക്കോട് ഇനീഷ്യറ്റീവ് ഇൻ പാലിയേറ്റീവ് കൊയിലാണ്ടി മേഖല ജനറൽ സിക്രട്ടറി കവി ബിനേഷ് ചേമഞ്ചേരി, വി.ടി.വിനോദ്, മെഡിക്കൽ ഓഫീസർ നെൽസൺ തോമസ്, എച്ച് .ഐ .രാമപ്രസാദ് എന്നിവർ സംസാരിച്ചു.