പതിനാലു പതിറ്റാണ്ടുകൾ പൂർത്തീകരിക്കുന്ന കൊയിലാണ്ടി കോതമംഗലം ഗവ: എൽ.പി സ്കൂൾ അതിൻ്റെ കൊയിലാണ്ടി നഗരഹൃദയത്തിലുള്ള സ്ഥാനം കൊണ്ടും, വി.ആർ.കൃഷ്ണയ്യർ, സ്വാതന്ത്ര്യ സമര സേനാനി ഇയ്യങ്കോട് കൃഷ്ണൻ, മുൻ എം.എൽ.എ ഇ.നാരായണൻ നായർ തുടങ്ങിയ പ്രഗൽഭരായ പൂർവവിദ്യാർഥിനിര കൊണ്ടും നൂറ്റി നാല്പതു വർഷത്തെ അനന്യമായ നീണ്ട ചരിത്രം കൊണ്ടും സവിശേഷമാണ്. കലാകായിക വൈജ്ഞാനിക മത്സരങ്ങളിൽ തുടർച്ചയായി വിജയകിരീടങ്ങൾ ചൂടി ഇതിനൊത്ത മികവ് ഇന്നും നിലനിർത്താൻ ഈ വിദ്യാലയത്തിനു കഴിയുന്നു. കഴിഞ്ഞ എൽ.എസ്.എസ് പരീക്ഷയിൽ 36 പ്രതിഭകളെ വിജയിപ്പിച്ച് സംസ്ഥാനത്തു തന്നെ ശ്രദ്ധേയമായ വിജയം ആവർത്തിക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞു.
അക്കാദമിക- അക്കാദമികേതര രംഗത്തുള്ള മികവിനു തക്ക ഭൗതിക സൗകര്യങ്ങളില്ല എന്നതായിരുന്നു ഈ വിദ്യാലയത്തിൻ്റെ വലിയ ഒരു പരിമിതി.
എന്നാൽ ഒരു കോടി നാല്പതു ലക്ഷം രൂപ അടങ്കൽ തുകയിൽ, സംസ്ഥാന സർക്കാരിൻ്റെ ധനസഹായത്തോടെ നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടന സജ്ജമായിരിക്കുകയാണ്. ലൈബ്രറി, വിശാലമായ കമ്പ്യൂട്ടർ ലാബ് എന്നിവയടങ്ങിയ ഈ കെട്ടിടം ബഹു: സംസ്ഥാന വിദ്യാഭ്യാസമന്ത്രി ശ്രീ.വി.ശിവൻകുട്ടി 2025 ഫിബ്രവരി 16 നു വൈകുന്നേരം 3.30 ന് ഉദ്ഘാടനം ചെയ്യുകയാണ്. ബഹു: കൊയിലാണ്ടി എം.എൽ.എ. ശ്രീമതി കാനത്തിൽ ജമീല അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ കൊയിലാണ്ടി നഗരസഭാധ്യക്ഷ ശ്രീമതി സുധ കിഴക്കേപ്പാട്ട്, നഗരസഭാ ഉപാധ്യക്ഷൻ അഡ്വ.കെ.സത്യൻ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നിജിലപറവക്കൊടി, നഗരസഭാ കൗൺസിലർ ദൃശ്യ.എം. തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കും.
കെട്ടിടോദ്ഘാടനത്തോടനുബന്ധിച്ച്, സ്കൂളിൻ്റെ നൂറ്റി നാല്പതാം വാർഷികം ഗാല-2025 എന്ന പേരിൽ രണ്ടു ദിവസങ്ങളിലായി നടക്കും. ആഘോഷവേദിയിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികളും വേദിയിലെത്തുന്നു. രക്ഷിതാക്കളുടേയും അധ്യാപകരുടേയും കലാപരിപാടികൾ ഇതിനു മാറ്റുകൂട്ടുന്നു. പത്രസമ്മേളനത്തിൽ പി.ടി.എ പ്രസിഡണ്ട് സുരേഷ് ബാബു എ.കെ, ഹെഡ്മാസ്റ്റർ പ്രമോദ്കുമാർ പി., പ്രോഗ്രാം കമ്മിറ്റി കൺവീനർ നീമ.ജി.കെ തുടങ്ങിയവർ പങ്കെടുത്തു.