സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന ഫാസ്റ്റ് ട്രാക്ക് കോടതികളും പോക്‌സോ കോടതികളും സ്ഥിരം സംവിധാനമാക്കണമെന്നു ഷാഫി പറമ്പില്‍ എം.പി ആവശ്യപ്പെട്ടു. നിലവില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കോടതികളുടെ കാലാവധി 2026 മാര്‍ച്ചില്‍ അവസാനിക്കുകയാണ്.
രാജ്യത്താകമാനമുള്ള 747 ഫാസ്റ്റ് ട്രാക്ക് കോടതികളും 406 പോക്‌സോ കോടതികളും ചേര്‍ന്നു 2024 വരെ മൂന്നു ലക്ഷത്തോളം കേസുകള്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്ന വസ്തുത ഇരകള്‍ക്ക് വേഗത്തില്‍ നീതി ലഭ്യമാക്കുന്നതിനു ഈ സംവിധാനം തുടരേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നു.
ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി അര്‍ജുന്‍ രാം മേഘവാളിനയച്ച കത്തില്‍ എംപി ആവശ്യപ്പെട്ടു. വിഷയത്തില്‍ എംപിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് നാദാപുരം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പ്രമോദ് കക്കട്ടില്‍ നിവേദനം നല്‍കിയിരുന്നു.