കൊയിലാണ്ടി: വര്‍ഷങ്ങളായി പൂക്കാടില്‍ സ്ഥിരതാമസമാക്കി പ്രതിമകള്‍ നിര്‍മ്മിച്ച് ഉപജീവനം നടത്തിയ രാജസ്ഥാന്‍ കുടുംബങ്ങളോട് ക്രൂരത. റോഡരികില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി വില്‍പ്പനയ്ക്കായി നിരത്തി വെച്ച ഇരുപതിലേറെ പ്രതിമകള്‍ ഇരുളിൻ്റെ മറവില്‍ ആരോ തച്ചുടച്ചു നശിപ്പിച്ചു. വെള്ള സിമിന്റില്‍ നിര്‍മ്മിച്ച പ്രതിമകളാണ് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. കളര്‍ കൊടുത്ത ശേഷം ഉണക്കാനും വില്‍പ്പനയ്ക്കുമായി റോഡരികിലാണ് പ്രതിമകള്‍ നിരത്തി വെക്കുക. ചൊവ്വാഴ്ച രാവിലെയാണ് പ്രതിമകള്‍ നശിപ്പിച്ച നിലയില്‍ കണ്ടത്. പ്രതിമകള്‍ തകര്‍ത്ത ശേഷം വിരി കൊണ്ട് മൂടി പുതപ്പിച്ച നിലയിലായിരുന്നു.
രാജസ്ഥാന്‍ പ്രതിമാനിര്‍മ്മാതാക്കളായ കിഷണ്‍ലാല്‍, കുമാര്‍ എന്നിവരുടെ കുടുംബങ്ങളാണ് പൂക്കാടില്‍ പ്രതിമ നിര്‍മ്മിക്കുന്നത്. പ്രതിമ തകര്‍ത്തതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതികളൊന്നും നല്‍കിയിട്ടില്ലെന്ന് കുമാര്‍ പറഞ്ഞു. 25 വര്‍ഷത്തിലേറെയായി രാജസ്ഥാനില്‍ നിന്നുള്ള ഒട്ടനവധി കുടുംബങ്ങള്‍ റോഡരികില്‍ ടെന്റ് കെട്ടി താമസിക്കുകയാണ്. സ്ത്രീകളും കുട്ടികളും വരെ പ്രതിമാ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നുണ്ട്. നാട്ടുകാരുമായി വളരെ സൗഹൃദത്തിലാണ് ഇവര്‍ കഴിഞ്ഞു കൂടുന്നത്.