കോഴിക്കോട്: കേരള ബജറ്റ് സർവ്വ ജനവിഭാഗങ്ങളെയും വഞ്ചിക്കുന്നതാണെന്ന് കെ.പി.എസ്.ടി.എ കോഴിക്കോട് ജില്ല കമ്മിറ്റി ആരോപിച്ചു. 2024 ജൂലൈ ഒന്നുമുതൽ നടപ്പിലാക്കേണ്ടിയിരുന്ന ശമ്പള പരിഷ്ക്കരണത്തിൻ്റെ കമ്മീഷനെ പ്രഖ്യാപിച്ചിട്ടില്ല. 16 % ക്ഷാമബത്ത ഇനിയും കുടിശ്ശികയാണ്. പ്രഖ്യാപിച്ച ഒരു ഗഡു ക്ഷാമബത്തയുടെ കുടിശ്ശികയെപ്പറ്റി ബജറ്റിൽ സൂചനയില്ല. കഴിഞ്ഞ ശമ്പള പരിഷ്ക്കരണത്തിൻ്റെ കുടിശ്ശിക ഇപ്പോഴും കിട്ടാക്കനിയാണ്. ക്ഷേമ പെൻഷൻ കാര്യത്തിലും സർക്കാർ വഞ്ചന തുടരുകയാണ്. കോഴിക്കോട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ എ.പി.എഫ്.ഒ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻൻ്റ് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് മൂലം അധ്യാപകർക്ക് ലഭിക്കേണ്ടുന്ന സേവനങ്ങൾ യഥാസമയം ലഭിക്കുന്നില്ല. പ്രോവിഡൻ്റ് ഫണ്ടിൽ നിന്ന് പണം പിൻവലിക്കാൻ കഴിയുന്നില്ല.
ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി ടി ബിനു, അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പി.എം.ശ്രീജിത്ത് , ടി.ആബിദ്, ജില്ലാ സെക്രട്ടറി ഇ.കെ.സുരേഷ്, ട്രഷറർ എം.കൃഷ്ണമണി, ടി. അശോക് കുമാർ, പി.രാമചന്ദ്രൻ, ഷാജു പി കൃഷ്ണൻ, ടി.കെ.പ്രവീൺ, പി.കെ.രാധാകൃഷ്ണൻ, മനോജ് കുമാർ കെ.പി, സുജേഷ് കെ.എം, സുനന്ദ സാഗർ, ഷർമ്മിള എൻ എന്നിവർ സംസാരിച്ചു.