പൊതുയിടങ്ങളിൽ മാലിന്യം വലിച്ചെറിയൽ മഹാവിപത്തായി മാറുകയാണ്. മാലിന്യങ്ങൾ നിർദാക്ഷിണ്യം വലിച്ചെറിഞ്ഞ് തിരക്കിട്ട് എങ്ങോട്ടോ ഓടുന്നവർ സമൂഹത്തിന് തീർക്കുന്ന വിപത്തിനെക്കുറിച്ച് ഒരിക്കലും ഓർക്കാറില്ല. ഇത്തരം ദുഷ് ചെയ്തികൾക്ക് ഒരു മുന്നറിയിപ്പായി കോഴിക്കോട് ജില്ലയിലെ
കീഴരിയൂർ ഗ്രാമപഞ്ചായത്ത് ഒരു മ്യൂസിക്കൽ വീഡിയോ നിർമ്മിച്ചിരിക്കുന്നു. ഗ്രാമപഞ്ചായത്ത് ഓഫീസ് ജീവനക്കാരും ജനപ്രതിനിധികളും ഹരിതകർമ്മസേനയും ഒത്തു ചേർന്നപ്പോൾ ഈ ദൃശ്യ സംഗീത വിരുന്ന് നമുക്കുള്ള സന്ദേശം കൂടിയാവുന്നു. പഞ്ചായത്തിൽ നടന്ന ചടങ്ങിൽ മ്യൂസിക്കൽ വീഡിയോ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. നിർമ്മല പ്രകാശനം ചെയ്തു.
ഇതിൻ്റെ അണിയറയിൽ പ്രവർത്തിച്ചത് പഞ്ചായത്ത് ജീവനക്കാരും, ഹരിതസേനാംഗങ്ങളുമാണ് എന്നത് ഈ വീഡിയോക്ക് ചന്തം കൂട്ടുന്നു.
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സി.കെ. അനൂന ഇത്തരമൊരു വീഡിയോ ചെയ്യാമെന്ന ആശയം അവതരിപ്പിച്ചപ്പോൾ ഇതിൻ്റെ കവിതയും തിരക്കഥയും വോയ്സ് ഓവറും ചെയ്തത് പഞ്ചായത്ത് ഓഫീസിലെ സീനിയർ ക്ലാർക്ക് അമൃത ലക്ഷ്മിയാണ്. ഈ മ്യൂസിക്കൽ വീഡിയോ സംവിധാനം ചെയ്തത് സീനിയർ ക്ലാർക്ക് വിജലയാണ്. ഈ കവിതയ്ക്ക് സംഗീതം നൽകിയത് എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ്.
അവധി ദിവസം ഇതിനായി തിരഞ്ഞെടുത്ത് സെക്രട്ടറി മുതലുള്ള എല്ലാ ജീവനക്കാരും ഹരിത കർമ്മസേനാംഗങ്ങളും ജനപ്രതിനിധികളും പ്രയത്നിച്ചു. ഈ വീഡിയോക്ക് സാങ്കേതിക സഹായം ചെയ്തത് കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട് എന്ന സംഘടനയിലെ അംഗങ്ങളായ ആൻസൻ ജേക്കബും, ജുനൈദ് പയ്യന്നൂരും, പ്രശാന്ത് ചില്ലയും ആണ്.