ജനങ്ങളുടെ ദുഃഖത്തിലും സുഖത്തിലും ഒരുപോലെ അവരോടൊപ്പം നിൽക്കാനും സാധാരണ മനുഷ്യരുടെ ശബ്ദമാവാനും യു. ഡി. എഫ് പ്രവർത്തകരോട് പ്രിയങ്ക ഗാന്ധി എം. പി. ആഹ്വാനം ചെയ്തു. ഈ വർഷം വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും തുടർന്ന് നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും സജ്ജമാവാനും യു.ഡി.എഫ്. പ്രവർത്തകർക്ക് നിർദേശം നൽകി.
എറനാട് നിയോജകമണ്ഡലത്തിൽ യു. ഡി. എഫ്. ബൂത്ത് തല നേതൃസംഗമം അരീക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. തനിക്ക് ലഭിച്ച വലിയ വിജയം കഴിഞ്ഞ അഞ്ചു വർഷം രാഹുൽ ഗാന്ധിക്ക് വേണ്ടിയും ഉപതിരഞ്ഞെടുപ്പിൽ തനിക്ക് വേണ്ടിയും താഴെ തട്ടിൽ പ്രവർത്തകർ നടത്തിയ കഠിന പ്രയത്നത്തിൻ്റെ ഫലമാണെന്നും അതിന് നേതൃത്വത്തോടും പ്രവർത്തകരോടും കടപ്പെട്ടിരിക്കുന്നു എന്നും പ്രിയങ്ക പറഞ്ഞു.
ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളിൽ സജീവമായി ഇടപ്പെട്ട് പരിഹാരം കണ്ടെത്താൻ പ്രവർത്തകർ ശ്രമിക്കണം. അതിന് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ താൻ ഉണ്ടാവുമെന്ന് അവർ പറഞ്ഞു. ചെറുതും വലുതുമായ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ട്. അത് തന്റെ ശ്രദ്ധയിൽ പെടുത്താനും താൻ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാനും യാതൊരു സങ്കോചിവുമില്ലാതെ തന്നെ സമീപിക്കണം. ഒരു കുടുംബത്തിലെ അംഗമെന്ന പോലെ തെറ്റ് കണ്ടാൽ ചൂണ്ടിക്കാണിക്കാനും വേറിട്ട പ്രവർത്തനങ്ങൾക്ക് നിർദേശങ്ങൾ നൽകുവാനും പ്രവർത്തകർ തയ്യാറാവണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.