‘പാതിരാവനമുല്ല ജാലകം വഴിയെന്റെ
മോതിരവിരലിൻമേൽ ഉമ്മ വെച്ചു
അഴിഞ്ഞു കിടന്നൊരു പുടവയെന്നോർത്തു ഞാൻ
അല്ലിനിലാവിനെ മടിയിൽ വെച്ചു..’
കാവ്യഗന്ധമുള്ള വരികൾ കൊണ്ട് ഇന്ദ്രജാലം കാട്ടാനുള്ള ഗിരീഷ് പുത്തഞ്ചേരിയുടെ കഴിവ് അപാരമായിരുന്നു. ശ്രോതാവിന്റെ ഹൃദയത്തെ കീഴടക്കാൻ പര്യാപ്തമായ വാക്കുകൾ പുത്തഞ്ചേരിയുടെ പദബാങ്കിൽ സുലഭമായിരുന്നു. നിലാവും മഴയും വെയിലും മഞ്ഞും നക്ഷത്രവും വയലും പുഴയും കിളികളും രാത്രിയും പകലും പ്രകൃതിയുടെ വർണ്ണചിത്രങ്ങൾ പുത്തഞ്ചേരി അതിമനോഹരമായി വരികളിൽ പകർത്തി. ഓരോ കാലത്തിനും അനുസൃതമായ പാട്ടുകൾ സൃഷ്ടിക്കാനുള്ള ധൈര്യവും പദസമ്പത്തും ഗിരീഷ് പുത്തഞ്ചേരിയ്ക്ക് ഉണ്ടായിരുന്നു. മുൻഗാമികളായ കവികളുടെ വരികൾ ഹൃദിസ്ഥമാക്കി ഹൃദ്യമായി പാടാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ലോക മലയാളികൾക്ക് പുത്തഞ്ചേരിയുടെ പാട്ടുകൾ ഇഷ്ടമായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയേയും…
‘ഉരുകും വേനൽപ്പാടം കടന്നെത്തുമീ
രാത്തിങ്കളായി നീയുദിക്കെ,
കനിവാർന്ന വിരലാൽ അണിയിച്ചതാരീ
അലിവിന്റെ കുളിരാർന്ന ഹരിചന്ദനം..’
പുത്തഞ്ചേരി ഗ്രാമത്തിന്റെ മഴയും വെയിലും കൊണ്ട്, നാടിന്റെ ഹൃദയവരമ്പിലൂടെ സഞ്ചരിച്ച്, ദാരിദ്ര്യത്തിന്റെ കയ്പറിഞ്ഞ് ആകാശത്തോളം അദ്ദേഹം വളർന്നത് കഠിനപ്രയത്നം കൊണ്ടാണ്. വർഷങ്ങൾമുമ്പ്,ആകാശവാണിയിൽ ലളിതഗാനങ്ങൾ എഴുതുന്ന കാലം കക്ഷത്തൊരു ഡയറിയും വെച്ച് ഗോപലേട്ടന്റെ കടയിൽ നിന്ന് നാലൂം കൂട്ടി മുറുക്കി മൂളിപ്പാട്ടും പാടി ഇടവഴിയിലൂടെ നടന്നുപോകുന്ന ഗിരീഷേട്ടനെ കുട്ടിക്കാലത്ത് ദിവസവും കാണുമായിരുന്നു. സിനിമാലോകത്തേക്ക് അദ്ദേഹം കാലെടുത്തു വെച്ചപ്പോൾ ഓരോ പുത്തഞ്ചേരിക്കാരനും അഭിമാനമായി. സ്വന്തം പേരിനൊപ്പം നാടിന്റെ പേരും അദ്ദേഹം ചേർത്തുവെച്ചു.
‘കുമ്പിളിൽ വിളമ്പിയ പൈമ്പാലെന്നോർത്തു ഞാൻ
അമ്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നു.
അന്നത്തെയന്തിയിൽ അത്താഴപ്പാത്രത്തിൽ
അമ്മതൻ കണ്ണീരോ തിളച്ചിരുന്നു.’
കലാകാരനായ ജ്യേഷ്ഠൻ മോഹനൻ പുത്തഞ്ചേരി ഒരുപാട് നാടകങ്ങൾ എഴുതി സംവിധാനം ചെയ്തിരുന്നു. ഗ്രാമീണ ഒള്ളൂർ, ഭാവന, ചെന്താര ക്ലബ്ബുകൾ നാടകങ്ങൾ അവതരിപ്പിച്ചു. നാടകങ്ങളിൽ പാട്ടെഴുതാനുള്ള അവസരം മോഹനേട്ടൻ ഗിരീഷിന് നൽകി. ഗാനങ്ങൾ എല്ലാം മികച്ചതായിരുന്നു. ഒള്ളൂരിലേയും പുത്തഞ്ചേരിയിലേയും ഗായകർ ആ ഗാനങ്ങൾ പാടി. പാട്ടെഴുതാനുള്ള തുടക്കം അങ്ങനെയായിരുന്നു. അതിന് ശേഷമാണ് അദ്ദേഹം ആകാശവാണിയിൽ ലളിതഗാനങ്ങൾ എഴുതി തുടങ്ങുന്നത്.
‘ നെഞ്ചിലെ പിരിശംഖിലെ
തീർത്ഥമെല്ലാം വാർന്നുപോയ്
നാമജപാമൃതമന്ത്രം ചുണ്ടിൽ
ക്ലാവുപിടിക്കും സന്ധ്യാനേരം.’
നിമിഷനേരം കൊണ്ട്, കഥാസന്ദർഭത്തിന് അനുയോജ്യമായ പാട്ടെഴുതാനുള്ള വേഗത അദ്ദേഹത്തെ പ്രശസ്തനാക്കി. സിനിമയ്‌ക്ക് അദ്ദേഹം എഴുതിയ കഥകൾ പുതുമ കൊണ്ട് ശ്രദ്ധേയമായി.
നിലാവിന്റെ നീലഭസ്മ..(അഗ്നിദേവന്‍-1995), പിന്നെയും പിന്നെയും..(കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്-1997), കനകമുന്തിരികള്‍..(പുനരധിവാസം-1999), ആകാശ ദീപങ്ങള്‍ സാക്ഷി..(രാവണപ്രഭു-2001), കാര്‍മുകില്‍ വര്‍ണ്ണന്റെ..(നന്ദനം-2002), ഉറങ്ങാതെ രാവുറങ്ങീല..(ഗൗരീശങ്കരം-2003), കണ്ണും നട്ട് കാത്തിരുന്നിട്ടും..(കഥാവശേഷന്‍-2004) എന്നീ ഗാനങ്ങളാണ് അദ്ദേഹത്തിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തത്.
‘ മിഴികളിൽ കുറുകുന്ന പ്രണയമാം
പ്രാവിന്റെ ചിറകുകൾ മെല്ലെ പിടഞ്ഞതാവാം
താനെ തുറക്കുന്ന ജാലകചില്ലിൽ നിൻ
തെളിനിഴൽ ചിത്രം വരച്ചതാകാം..’
പ്രണയത്തിന്റെ താളവും അനുഭൂതിയും വരികളിൽ നിറയുന്നു. എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങളാണ് ഗിരീഷ് പുത്തഞ്ചേരി മലയാള ചലച്ചിത്രശാഖയ്‌ക്ക് നൽകിയിരിക്കുന്നത്. അതുകൊണ്ടു തന്നെ പ്രിയപ്പെട്ട പുത്തഞ്ചേരി നിങ്ങളെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു…
എഴുത്ത് :ബിജു ടി ആർ