ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളിലെ ദുരന്ത ബാധിതർക്കായി കൽപ്പറ്റയിലും നെടുമ്പാലയിലുമായി ഒരുക്കുന്ന ടൗൺഷിപ്പിന്റെ നവീകരിച്ച ഗുണഭോക്തൃ പട്ടികയുടെ അന്തിമ ലിസ്റ്റിന് ഡിഡിഎംഎയുടെ അംഗീകാരം. ആദ്യഘട്ട പട്ടികയിൽ 242 ഗുണഭോക്താക്കളാണ് ഉള്‍പ്പെട്ടത്. ചൂരൽമല വാർഡിലെ 108 പേരും അട്ടമല വാർഡിലെ 51 പേരും മുണ്ടക്കൈ വാർഡിലെ 83 പേരുമാണ് ഗുണഭോക്താക്കൾ.
കഴിഞ്ഞ ദിവസം ചേർന്ന ദുരന്തനിവാരണ അതോറിറ്റി യോഗമാണ് പട്ടികയ്ക്ക് അംഗീകാരം നൽകിയത്. മറ്റൊരിടത്തും വീട് ഇല്ലാത്തവരെയാണ് ആദ്യഘട്ട പട്ടികയിൽ ഉൾപ്പെടുത്തിയത്. രണ്ടാംഘട്ടത്തിൽ ദുരന്തമേഖലയിലെ നാശനഷ്‌ടം സംഭവിക്കാത്ത വീടുകൾ, ദുരന്ത മേഖലയിലൂടെ മാത്രം എത്തിപ്പെടാവുന്ന വീടുകൾ, ദുരന്തം കാരണം ഒറ്റപ്പെട്ട വീടുകൾ എന്നിവ ഉൾപ്പെടുത്തുമെന്നാണ് വിശദീകരണം.