കോഴിക്കോട് ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള ‘പുലർകാലം’ പരിപാടിയോട് അനുബന്ധിച്ച് പുലർകാല സംഗമം നടത്തി. മാനാഞ്ചിറ മൈതാനത്ത് നടന്ന പരിപാടിയിൽ ജില്ലയിലെ 45 പൊതു വിദ്യാലയങ്ങളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. അതിരാവിലെ എഴുന്നേറ്റ് ശീലമാക്കേണ്ട വിവിധ വ്യായാമ രീതികളും വായനയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ രണ്ട് വർഷങ്ങളായി ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ ജില്ലാപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ‘പുലർകാലം’ പരിപാടി നടപ്പിലാക്കി വരുന്നുണ്ട്.
വിദ്യാർത്ഥികൾ ജനപ്രതിനിധികളോടൊപ്പം യോഗയും എയറോബിക്സും പരിശീലിക്കുകയും വായനാനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി ഗവാസ്, അധ്യക്ഷനായി. വിദ്യാഭ്യാസ വകുപ്പ് ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ എ കെ അബ്ദുൽ ഹക്കീം, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ നിഷ പുത്തൻപുരയിൽ (ആരോഗ്യം, വിദ്യാഭ്യാസം), പി സുരേന്ദ്രൻ (ക്ഷേമകാര്യം), അംഗങ്ങളായ രാജീവ് പെരുമൻപുര, നാസർ എസ്‌റ്റേറ്റ്മുക്ക്, റസിയ തൊട്ടായി, ഐ പി രാജേഷ്, എൻ എം വിമല, വിദ്യാഭ്യാസ ഓഫീസർമാരായ എം ടി കുഞ്ഞുമൊയ്തീൻ, എം ശാംജിത്ത്, ബ്ലോക്ക് പ്രൊജക്ട് കോർഡിനേറ്റർ ഹരീഷ്, പ്രവീൺ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
യോഗ പരിശീലനത്തിന് യോഗാചാര്യൻ ഉണ്ണിരാമനും എയറോബോക്സിന് കേന്ദ്രീയ വിദ്യാലയ ഇൻസ്ട്രക്ടർമാരായ അനുരാജ് കെ, ഹെന്ന വി കെ എന്നിവരും വായനാനുഭവ സെഷന് രാജേന്ദ്രൻ എടത്തുങ്കരയും നേതൃത്വം നൽകി. ശേഷം ആംഫി തിയേറ്ററിൽ അരങ്ങ് സജീവൻ കൊയിലാണ്ടി നയിക്കുന്ന നാടൻ പാട്ട് അരങ്ങേറി.