അത്തോളി :ദേശത്തെയും തേവരേയും ഏറ്റുചൊല്ലി ഉണർത്തുന്ന വട്ടക്കളിയോടെ ഈ വർഷത്തെ കൊങ്ങന്നൂർ ആശാരിക്കാവ് ഭഗവതി ക്ഷേത്രം മഹോത്സവത്തിന് അരങ്ങ് ഉണർന്നു. പതിറ്റാണ്ടായി മുറ തെറ്റാതെ ആചരിക്കുന്ന വട്ടക്കളിക്ക് ചരിത്രവും ഐതിഹ്യവും പ്രചാരത്തിലുണ്ട്.
കോരപ്പുഴക്ക് കിഴക്ക് മലയോര ഗ്രാമങ്ങൾ കുറുമ്പ്രനാട് രാജാവിന്റെതായിരുന്നു. സാമൂതിരിയുടെ കൊങ്ങൻപടയാളികളെ താമസിപ്പിച്ച ഇടമാണ് അത്തോളിയിലെ കൊങ്ങന്നൂർ ഗ്രാമം. നാട്ടു രാജ്യങ്ങളിൽ ഉൾപ്പെട്ടതെങ്കിലും ക്ഷേത്ര- കാവ് ആചാരങ്ങൾക്ക് അതത് ദേശക്കാരുടെയും തറവാട് കാരണവരുടെയും നേതൃത്വത്തിൽ നടന്നു. കാവുകളിൽ ഉത്സവ ചടങ്ങുകളിലേക്ക് ദേശത്തിൻ്റെ ശ്രദ്ധ കൊണ്ടുവരാനും പ്രദേശത്തെ ജാതി മത ഭേദമന്യേ എല്ലാവരും കൂട്ടി ചേർക്കാനും കൂടിയാണ് വട്ടക്കളി രൂപപ്പെടുത്തിയത്. കാലം പിന്നിട്ടപ്പോഴും അതിന്നും തുടരുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് കൊങ്ങന്നൂർ ആശാരിക്കാവ് ഭഗവതി ക്ഷേത്രം.
വട്ടക്കളി പേര് പോലെ വട്ടത്തിൽ ചുറ്റിയാണ് കളി. 7 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെ നടുവിൽ വിളക്ക് വെച്ച് ദേവീ ദേവന്മാരെയും ദേശത്തെയും പ്രകീർത്തിച്ച് കളിയാശാൻ പാടും. ഒപ്പം ചൊല്ലുന്നുവർ അത് ഏറ്റുചൊല്ലും. 2 മണിക്കുർ പിന്നിടുമ്പോൾ കോമരക്കാർ ഉറഞ്ഞ് തുള്ളും തുടർന്ന് മംഗളം പാടി അവസാനിപ്പിക്കും. ഭക്തി നിർഭരമായ വട്ടക്കളിയോടെയാണ് ഉത്സവം ഉണർന്നത്. ഇന്ന്( വെള്ളി) രാവിലെ ഗുരുപൂജയോടെ തുടങ്ങും. കഴകം കയറൽ, ആഘോഷ വരവ് , വെള്ളാട്ടം, അന്നദാനം ,തിറകൾ, താലപ്പൊലി, രാത്രി 12 ന് കാവിൻ്റെ ചരിതവുമായി ബന്ധപ്പെട്ട 5 തിറ കെട്ടിയ കണ്ഠത്ത് രാമൻ തിറ ക്ഷേത്രത്തിൽ പ്രത്യേകതയാണ്. (ശനി) നാളെ ഗുളികൻ തിറയോടെ ഉത്സവത്തിന് സമാപനമാകും.