ജൂണ്‍ ഒന്ന് മുതല്‍ കേരളത്തില്‍ സിനിമ സമരം. സിനിമ സംഘടനകളുടെ സംയുക്തയോഗത്തിലാണ് തീരുമാനം. ജി.എസ്.ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുന്ന രീതിയിലാണ് സമരം. സിനിമയിലെ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സംയുക്തയോഗത്തിലാണ് തീരുമാനമെടുത്തത്.
അഭിനേതാക്കള്‍ പ്രതിഫലം കുറച്ചില്ലെങ്കില്‍ സിനിമ നിര്‍മാണം നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടാവുമെന്ന് ഫിലിം പ്രൊഡൂസേഴ്‌സ് അസോസിയേഷന്‍ നേരത്തെ തന്നെ സിനിമ താരങ്ങളുടെ സംഘടനയായ അമ്മയെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ പിന്നീട് ചര്‍ച്ചകളൊന്നും നടന്നിരുന്നില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളില്‍ നിന്നെല്ലാം മലയാള സിനിമ കരകയറി വരുമ്പോഴാണ് സംസ്ഥാനത്ത് വീണ്ടും സിനിമ സമരം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.