വാളയാറിൽ പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായത് മാതാപിതാക്കളുടെ അറിവോടെയെന്ന് സിബിഐ. കേസിൽ രണ്ടാഴ്ച മുൻപ് സമർപ്പിച്ച കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. അമ്മ കുട്ടികളുടെ സാന്നിധ്യത്തിൽ ഒന്നാംപ്രതിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്നും സിബിഐ കുറ്റപത്രം പറയുന്നു. കുഞ്ഞുങ്ങൾ ഒന്നാംപ്രതിയുടെ ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും ഇരയായത് അമ്മയുടെയും അച്ഛന്റെയും മനഃപൂർവമായ അശ്രദ്ധ മൂലമാണെന്ന നിഗമനത്തിലാണ് സിബിഐ എത്തിയിരിക്കുന്നത്.
കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങൾ
കുഞ്ഞുങ്ങളുടെ കാര്യത്തിൽ തികഞ്ഞ അശ്രദ്ധയും അവഗണനയുമാണ് മാതാപിതാക്കൾ കാട്ടിയത്. 2017 ജനുവരി 13 നും മാർച്ച് 4നുമായിട്ടാണ് കുഞ്ഞുങ്ങളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നാം പ്രതി മൂത്തകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവങ്ങൾ എന്നിട്ടും മാതാപിതാക്കൾ പൊലീസിൽ വെളിപ്പെടുത്തിയില്ല.
പെൺകുട്ടികളുടെ അമ്മ കുട്ടികളുടെ സാന്നിധ്യത്തിൽ ഒന്നാം പ്രതി മധുവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. മൂത്തകുട്ടി മധുവിൽ നിന്ന് ലൈംഗിക പീഡനം അനുഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയിട്ടും അയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തി പതിവായി മദ്യസൽക്കാരം നടത്തിയിരുന്നെന്നും കുറ്റപത്രത്തിൽ പരാമാർശമുണ്ട്.
ഒന്നാം പ്രതി 2016 ഏപ്രിലിൽ മൂത്തമകളെ അപമാനിക്കുന്നത് അമ്മയും രണ്ടാഴ്ച കഴിഞ്ഞ് പ്രതി വീണ്ടും കുട്ടിയെ പീഡിപ്പിക്കുന്നത് പിതാവും കണ്ടിരുന്നെന്നും സിബിഐ പറയുന്നു.
മൂത്ത മകളുടെ മരണശേഷവും അമ്മയും അച്ഛനും ഇളയ പെൺകുട്ടിയെ ഒന്നാം പ്രതിയുടെ വീട്ടിലേക്ക് അയയ്ക്കാറുണ്ടായിരുന്നെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഒന്നാം പ്രതി മധുവിനെ പുറമേ അമ്മയെ രണ്ടാംപ്രതിയായും പിതാവിനെ മൂന്നാംപ്രതിയായും ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്.