സംസ്ഥാന ബജറ്റ് നാളെ രാവിലെ 9 മണിക്ക് കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതാകും ബജറ്റെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. വികസന പ്രവർത്തനങ്ങൾക്ക് പ്രത്യേക നീക്കിയിരിപ്പ് ഉണ്ടാകും. വിഴിഞ്ഞം തുറമുഖം – മുണ്ടക്കൈ ചൂരൽമല പുനരധിവാസം എന്നിവയ്ക്ക് പ്രത്യേക പരിഗണന ബജറ്റിൽ ഉണ്ടാകും. കേന്ദ്ര നിലപാട് എന്ന വെല്ലുവിളിയെ അതിജീവിക്കുന്നതാകും സംസ്ഥാന ബജറ്റെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.
കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചത് വലിയ വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്ന ഘട്ടത്തിൽ എത്തുന്ന ബജറ്റ് എന്നതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റിന്റെ പ്രത്യേകത. എന്നാൽ കേന്ദ്ര വെല്ലുവിളി സംസ്ഥാനത്തെ ബാധിക്കാത്ത തരത്തിൽ മുന്നോട്ടു കൊണ്ടുപോകുമെന്ന് ധനമന്ത്രി കെ എൻ ബലഗോപാൽ വ്യക്തമാക്കി. ക്ഷേമ പ്രവർത്തനങ്ങളിൽ ഒരു വിട്ടുവീഴ്ചയും സർക്കാർ നടത്തില്ല. ക്ഷേമ പെൻഷന് പ്രത്യേക പരിഗണന ബജറ്റ് നൽകും. മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിന് പ്രത്യേക നീക്കിയിരിപ്പ് ഉണ്ടാകും. വരുമാന വർദ്ധനവിൽ നിലവിലെ സർക്കാർ നടപടികൾ തുടരും. ജനങ്ങൾക്ക് മേൽ അമിതഭാരം അടിച്ചേൽപ്പിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു. കൂടുതൽ മൂലധന നിക്ഷേപത്തിന് ബജറ്റ് വഴിയൊരുക്കും. നെല്ല് – റബ്ബർ എന്നിവയ്ക്ക് ബജറ്റ് പ്രത്യേക പരിഗണന നൽകും. മനുഷ്യ വന്യജീവി സംഘർഷത്തിൽ നിയമനിർമ്മാണത്തിന് വേണ്ടി സജീവ ഇടപെടൽ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.