സ്വകാര്യ യൂണിവേഴ്സിറ്റിയുടെ വിവാദപരസ്യം വായനക്കാരെയും വരിക്കാരെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രസിദ്ധീകരിച്ചതിന് 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ നോട്ടീസ്. മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, മാധ്യമം, മംഗളം, ദീപിക, ജന്മഭൂമി അടക്കം 12 പത്രങ്ങൾക്കാണ് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ നോട്ടീസ്. ‘നോട്ടേ വിട; ഇനി ഡിജിറ്റൽ കറൻസി’ എന്ന് ഫ്രണ്ട് പേജിൽ വാർത്തയെന്നവിധം പ്രസിദ്ധീകരിച്ച പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിലയിരുത്തിയാണ് നടപടി. സംഭവത്തിൽ 14 ദിവസത്തിനുള്ളിൽ പത്രങ്ങൾ രേഖാമൂലം മറുപടി നൽകണം. 1978ലെ പ്രസ് കൗൺസിൽ നിയമത്തിന്റെ 14-ാം ഉപവകുപ്പ് പ്രകാരമാണ് നോട്ടീസ്. നടപടി എടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ നോട്ടീസ് ലഭിച്ച് രണ്ടാഴ്‌ചയ്ക്കകം രേഖാമൂലം നൽകണമെന്നും പറയുന്നു.
2025 ജനുവരി 24 വെള്ളിയാഴ്ച പുറത്തിറങ്ങിയ ഈ പത്രങ്ങളിൽ കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റിയിൽ നടക്കുന്ന പരിപാടിയുടെ പ്രചാരണാർഥം സൃഷ്ടിച്ച സാങ്കൽപ്പിക വാർത്തകളായിരുന്നു ഉണ്ടായിരുന്നത്. 2050ൽ പത്രങ്ങളുടെ മുൻ പേജ് എങ്ങനെ ആയിരിക്കും എന്ന ഭാവനയാണ് പേജിൽ നിറഞ്ഞുനിന്നത്. ദേശാഭിമാനി ഒഴികെ എല്ലാ മലയാളപത്രങ്ങളും ജാക്കറ്റ് പേജിൽ പരസ്യം വിന്യസിച്ചിരുന്നു. ‘നോട്ടേ വിട; ഇനി ഡിജിറ്റൽ കറൻസി’ എന്ന ലീഡ് വാർത്തയിൽ ‘ഫെബ്രുവരി ഒന്നു മുതൽ രാജ്യത്തെ പണമിടപാടുകൾ പൂർണമായും ഡിജിറ്റൽ കറൻസിയിലൂടെ മാത്രമായിരിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ’ അറിയിച്ചതെന്നതുൾപ്പടെയുള്ള വാർത്ത വളരെയധികം തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ആശങ്കയിലാക്കുകയും ചെയ്‌ത ഉള്ളടക്കം പ്രസിദ്ധീകരിച്ചത് മാധ്യമ ധാർമികതയുടെ ലംഘനമാണെന്ന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.