കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ് പരാതിയിൽ 11 എംബിബിഎസ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ഒന്നാം വർഷ വിദ്യാർഥികളെ റാഗ് ചെയ്തെന്ന പരാതിയിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നിയോഗിച്ച അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി. രണ്ടാം വർഷ എം ബി ബി എസ് വിദ്യാർത്ഥികളായ 11 പേരെയാണ് സസ്പെൻഷൻ്റ് ചെയ്തത്. റിപ്പോർട്ട് തുടർനടപടികൾക്കായി മെഡിക്കൽ കോളേജ് പൊലീസിന് കൈമാറി.
കോളേജ് ഹോസ്റ്റലിൽ വെച്ച് ജൂനിയർ വിദ്യാർത്ഥികളെ രണ്ടാം വർഷ വിദ്യാർത്ഥികൾ മാനസികമായും ശാരീരികമായും ഉപദ്രവിച്ചതായി വിദ്യാർഥികൾ അന്വേഷണ കമ്മീഷന് മൊഴി നൽകി. റാഗിങ് രക്ഷിതാക്കളുടെ വാട്സ് ആപ് ഗ്രൂപ്പിൽ ചർച്ചയായിരുന്നു. ഇതനുസരിച്ചാണ് പ്രിൻസിപ്പൽ ആഭ്യന്തര അന്വേഷണം നടത്തിയത്. നടപടിക്ക് വിധേയരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ കോളേജിലേക്ക് വിളിച്ചു വരുത്തി, പരാതിയെ കുറിച്ചും നടപടിയും വിശദീകരിച്ചു. ജൂനിയർ വിദ്യാർത്ഥികളുടെ സുരക്ഷക്കായി കഴിഞ്ഞ മാസം വരെ 4 ജീവനക്കാരെ നിയോഗിച്ചിരുന്നു. ഹോസ്റ്റലിലും ക്ലാസിലേക്കുള്ള വഴിയിലും ഇവരുടെ സേവനം ഉറപ്പാക്കി. ഇത് പിൻവലിച്ച ശേഷമാണ് റാഗിങ് നടന്നത്.