ക്യാൻസർ പ്രതിരോധ ചികിത്സാരംഗത്തെ ഏറ്റവും വലിയ ജനകീയക്യാമ്പയിന് ജില്ലയിൽ തുടക്കമായി. സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ‘ആരോഗ്യം ആനന്ദം അകറ്റാം അർബുദം’ ക്യാമ്പയിൻ്റെ സന്ദേശം കൂടുതൽ ആളുകളിലേക്ക് എത്തിക്കണമെന്ന് ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് ജനറൽ ആശുപത്രിയിൽ നിർവഹിച്ചു മേയർ ബീന ഫിലിപ്പ് പറഞ്ഞു.
പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ ജി സജീത്ത് കുമാർ, മെഡിക്കൽ കോളേജ് ക്യാൻസർ രോഗ ചികിത്സ വിഭാഗം തലവൻ ഡോ. അജയകുമാർ ടി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി സി കെ, റീജ്യണൽ പബ്ലിക് ഹെൽത്ത് ലാബ് സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ലീന പി, കോഴിക്കോട് ഗവ. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ലാലു ജോൺസ് എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ റംലത്ത് കെ, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ കവിത പി സി, നഗരസഭ ഹെൽത്ത് ഓഫീസർ ഡോ. മുനവ്വർ റഹ്മാൻ, ആരോഗ്യ വകുപ്പ് ജീവനക്കാർ, ആരോഗ്യ കേരളം ജീവനക്കാർ, നഴ്സിങ് വിദ്യാർഥികൾ, തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
30 വയസ് കഴിഞ്ഞ സ്ത്രീകളിൽ സ്തനാർബുദം, ഗർഭാശയഗള ക്യാൻസർ എന്നിവയ്ക്ക് സ്ക്രീനിംഗ് നടത്തി പരിശോധനയും ചികിത്സയും ഉറപ്പുവരുത്തന്നതിനാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. ലോക ക്യാൻസർ ദിനമായ ഫെബ്രുവരി 4 മുതൽ അന്താരാഷ്ട്ര വനിത ദിനമായ മാർച്ച് 8 വരെയാണ് സ്ത്രീകൾക്കായുള്ള പ്രത്യേക ക്യാൻസർ സ്ക്രീനിങ് എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും സംഘടിപ്പിക്കുന്നത്.