കേരള തീരത്തു നിന്നു മണൽ വാരി വിൽപന നടത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം സംസ്ഥാനത്തെ മത്സ്യസമ്പത്തിനു വലിയ തിരിച്ചടിയുണ്ടാക്കുമെന്നും ഈ നീക്കം ഉടൻ ഉപേക്ഷിക്കണമെന്നും അഖില കേരള ധീവരസഭ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പൊന്നാനി, ചാവക്കാട്, കൊല്ലം, ആലപ്പുഴ, അമ്പലപ്പുഴ എന്നീ 5 സെക്ടറുകളിൽ നിന്നായി 575 ദശലക്ഷം ടൺ കടൽ മണൽ വിൽക്കാനാണ് നീക്കം നടക്കുന്നത്.
സംസ്ഥാന സർക്കാർ പാസാക്കിയ കരിനിയമങ്ങളായ കേരള മറൈൻ ഫിഷറീസ് റെഗുലേഷൻ ഭേദഗതി നിയമം, ഉൾനാടൻ മത്സ്യബന്ധന നിയമം, അക്വാകൾച്ചർ ഭേദഗതി നിയമം, മത്സ്യ സംഭരണ വിപണനവും ഗുണനിലവാര പരിപാലനവും നിയമം എന്നിവ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനം നടത്താനുള്ള എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടുകയാണെന്നും ആയതിനാൽ ഇവ പിൻവലിക്കണമെന്നും ധീവരസഭ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കൈരളി വേദി ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ സമ്മേളനം സംസ്ഥാന ജന. സെക്രട്ടറി വി. ദിനകരൻ എക്സ്. എം.എൽ.എ ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് വി.സുധാകരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.കെ. തമ്പി, മാനവശേഷി വികസന സമിതി സംസ്ഥാന കൺവീനർ സുനിൽ മടപ്പള്ളി, ധീവരസഭ മലബാർ മേഖല ചെയർമാൻ പി. ഗോവിന്ദൻ, ജോഷി കൊയിലാണ്ടി, മഹിളാ സഭ സംസ്ഥാന വൈസ് പ്രസിഡൻ്റ് ലത വടക്കേടത്ത്, പി.കെ. സുരേന്ദ്രൻ, രാജു കുന്നത്ത്, ടി.വി. രവീന്ദ്രൻ, ടി.ഫൽഗുനൻ, പി.പി.നാരായണൻ എന്നിവർ പ്രസംഗിച്ചു.