സംരംഭകർക്ക് കൈത്താങ്ങാകുന്നതിന്റെ ഭാഗമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സംരംഭക സഭ സംഘടിപ്പിച്ചു. വ്യവസായ വാണിജ്യ വകുപ്പുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന സംരംഭക സഭയിൽ ലോൺ, ലൈസൻസ് മേളയുടെ ഭാഗമായി 12 ലോൺ അനുവദിക്കൽ ഉത്തരവ്, മൂന്ന് ഉദ്യം രജിസ്‌ട്രേഷൻ, ഒരു കാർഷിക സബ്സിഡി സർട്ടിഫിക്കറ്റ് തുടങ്ങിയവ സംരംഭകർക് വിതരണം ചെയ്തു.
വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പ്രാദേശിക തലത്തിലുളള സംരംഭക വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് സംരംഭക സഭ നടത്തുന്നത്. വിവിധ വകുപ്പുകളുടെ സേവനങ്ങൾ ഏകോപിപ്പിച്ച് സംരംഭകരുടെ പ്രശ്നങ്ങൾക്ക് പ്രാദേശിക തലത്തിൽ പരിഹാരം കാണുകയാണ് പ്രധാന ലക്ഷ്യം. സംരംഭകർക്ക് സഹായകരമാകുന്ന വിവിധ സംരംഭകത്വ പ്രോൽസാഹന പദ്ധതികളെ പരിചയപ്പെടുത്തുക, സംരംഭകർക്കുളള വിവിധ ആവശ്യങ്ങൾ (ലോൺ/ലൈസൻസ്/സബ്സിഡി/ഇൻഷുറൻസ് മുതലായവ) നിറവേറ്റാൻ വേണ്ടി പ്രാദേശിക ബാങ്കുകൾ, സർക്കാർ വകുപ്പുകൾ, ഇൻഷുറൻസ് സേവന ദാതാക്കൾ എന്നിവരുടെ സേവനം ലഭ്യമാക്കുക എന്നിവയും സംരംഭക സഭയുടെ ലക്ഷ്യങ്ങളാണ്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ അസ്സയിനാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം ശ്രീജ, പി എൻ അശോകൻ, കൊയിലാണ്ടി താലൂക്ക് വ്യവസായ ഓഫീസർ കെ ഷിബിന്‍, പ്രാദേശിക ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി എം പി മുഹമ്മദ് ലുഖ്മാൻ സ്വാഗതവും എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ടി ജി ഗോകുൽ നന്ദിയും പറഞ്ഞു.