മോട്ടോർവാഹനവകുപ്പിന്റെ കോഴിക്കോട് ജില്ലയിലെ എ.ഐ. ക്യാമറയിൽ കുടുങ്ങിയവർ പിഴയിനത്തിൽ നൽകാനുള്ളത് 38.36 കോടി രൂപ. 2023 ജൂൺ മുതൽ 2024 ഡിസംബർ 31 വരെ 8.28 ലക്ഷത്തിലധികം ചലാനുകളാണ് അയച്ചത്. ജില്ലയിലെ 64 ക്യാമറകളിൽ പതിഞ്ഞതാണിത്. മൊത്തം 52,46,47,250 രൂപയാണ് പിഴചുമത്തിയത്. എന്നാൽ, ഒന്നരക്കൊല്ലം കഴിഞ്ഞിട്ടും 15 ശതമാനത്തോളം മാത്രമാണ് പിഴയടച്ചത്. ഇനി 38,36,92,750 രൂപയാണ് അടയ്ക്കാനുള്ളത്.
പിഴ ഈടാക്കുന്നതിനായി മോട്ടോർവാഹനവകുപ്പ് അദാലത്തുകൾ സംഘടിപ്പിച്ചെങ്കിലും ഫലംകണ്ടില്ല. സീറ്റ് ബെൽറ്റിടാതെ വാഹനമോടിക്കുക, ഹെൽമെറ്റിടാതെ വാഹനമോടിക്കുക, ഇരുചക്രവാഹനങ്ങളിൽ മൂന്നുപേരുടെ യാത്ര, വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഉപയോഗം തുടങ്ങിയവയാണ് എ.ഐ. പിടികൂടുക. ഏറ്റവുംകൂടുതൽ പിഴചുമത്തിയത് ഹെൽമെറ്റില്ലാത്ത യാത്രയ്ക്കാണ്. രണ്ടാമത് സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്രയ്ക്കും.
64-ക്യാമറകളിൽ രണ്ടെണ്ണംമാത്രമാണ് പ്രവർത്തിക്കാത്തത്. ഒന്ന് തുരുമ്പുപിടിച്ചിതും മറ്റൊന്ന് അപകടം സംഭവിച്ചതിനെത്തുടർന്ന് തകർന്നതും. നിയമലംഘനങ്ങൾ കണ്ടെത്തുമ്പോൾ ഉടൻ ആർ.സി. ഉടമയുടെ മൊബൈലിലേക്ക് മോട്ടോർവാഹനവകുപ്പിന്റെ മെസേജ് പോകും. എന്നാൽ, ചിലരുടെ ഫോൺനമ്പർ മാറിയതിനാൽ ലഭിക്കില്ല. അപ്പോൾ പിഴ ചുമത്തിയകാര്യം അവരറിയില്ല. ഇടയ്ക്ക് പരിവാഹൻ വെബ്‌സൈറ്റ് പരിശോധിച്ചാൽ മാത്രമേ അറിയാനാവൂ.
വർഷങ്ങളായി പിഴ അടച്ചില്ലെങ്കിലും ഒട്ടേറെത്തവണ ഗതാഗതലംഘനം നടത്തിയാലും വാഹനം കരിമ്പട്ടികയിൽപ്പെടുത്തും. വാഹനത്തിന്റെ ആർ.സി. പുതുക്കാൻ വരുമ്പോഴും മറ്റും പിഴയടയ്ക്കാത്തവരെക്കൊണ്ട് പണം അടപ്പിക്കും. അതും ചെയ്തില്ലെങ്കിലാണ് കരിമ്പട്ടികയിൽപ്പെടുത്തുക. സാധാരണ പിഴചുമത്തിയാൽ മൂന്നുമാസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ കോടതിയിലേക്ക് കൈമാറുകയാണ് നടപടി. അത്തരത്തിൽ ഒട്ടേറെ കേസുകളുണ്ടെന്നും മോട്ടോർവാഹനവകുപ്പ് അധികൃതർ പറയുന്നു.