മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനും സംസ്ഥാനം വളരെയേറെ മുന്നേറിയിരിക്കുകയാണ്. എങ്കിലും ഹരിത കർമസേന ശേഖരിക്കുന്ന പാഴ് വസ്തുക്കൾ വഴിയരികിൽ കൂട്ടിയിടുന്നത് സ്ഥിരം കാഴ്ചയാണ്. ഇതിനൊരു പരിഹാരമാവുകയാണ് മൂടാടി ഗ്രാമപഞ്ചായത്തിന്റെ ആശയം. മിനി എംസിഎഫുകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കാൻ അനുമതി നൽകണമെന്നും ഇതിൻ്റ വലുപ്പം ഗ്രാമപഞ്ചായത്തുകൾക്ക് തീരുമാനിക്കാൻ അനുവാദം നൽകണമെന്നുമുള്ള മൂടാടി ഗ്രാമപഞ്ചായത്തിന്റെ നിർദേശമാണ് സർക്കാർ അംഗീകരിച്ചു പൊതു ഉത്തരവായി ഇറക്കിയിരിക്കുന്നത്. ശേഖരിച്ച മാലിന്യം റോഡരികിൽ കൂട്ടിയിടുമ്പോൾ മാലിന്യ കൂമ്പാരത്തിന് അടുത്ത് തെരുവ് നായകൾ കേന്ദ്രീകരിക്കുന്നതും പൊതുജനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ശേഖരിക്കുന്ന മാലിന്യം അതാത് ദിവസം തന്നെ പ്രധാന എംസിഎഫ് കേന്ദ്രത്തിലേക്ക് മാറ്റാൻ കഴിയാത്തതാണ് ഇതിന്റെ പ്രധാന കാരണം. ഇതിനെല്ലാം ശാശ്വത പരിഹാരമാവുകയാണ് പുതിയ ഉത്തരവിലൂടെ.
നിലവിൽ ഗ്രാമപഞ്ചായത്തുകളിൽ തൊഴിലുറപ്പ് പദ്ധതിയിൽ നിശ്ചിത അളവിലുള്ള ചെറിയ ബോട്ടിൽ ശേഖരണ സംവിധാനങ്ങൾ മാത്രമേ നിർമിക്കാൻ അനുമതിയുണ്ടായിരുന്നുള്ളു. ഇത്തരത്തിലുള്ളവയിൽ പ്ളാസ്റ്റിക് ബോട്ടിലുകൾ തന്നെ ഉൾകൊള്ളിക്കാൻ കഴിയാറില്ല. അല്പം വലുത് നിർമിക്കണമെങ്കിൽ ഗ്രാമപഞ്ചായത്തിൻ്റെ പദ്ധതി വിഹിതം ഉപയോഗിക്കേണ്ട സ്ഥിതിയുമാണ്. മറ്റു നിരവധി ആവശ്യങ്ങൾക്കായി മാറ്റിവെക്കേണ്ടതിനാൽ വാർഡ് തലങ്ങളിൽ മിനി എംസിഎഫുകൾ നിർമ്മിക്കുവാൻ പദ്ധതി വിഹിതം തികയാറുമില്ല.
ഈ അവസരത്തിലാണ് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ, സെക്രട്ടറി എം ഗിരീഷ്, നോഡൽ ഓഫീസർ ടി ഗിരീഷ് കുമാർ എന്നിവർ ചേർന്ന് കഴിഞ്ഞ വർഷം സെപ്തംബർ 6ന് കോഴിക്കോട് നടന്ന തദ്ദേശ അദാലത്തിൽ വകുപ്പ് മന്ത്രി എം ബി രാജേഷ് മുൻപാകെ നിർദേശം സമർപ്പിക്കുന്നത്. മിനി എംസിഎഫുകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കാൻ അനുമതി നൽകണമെന്നും, ഇതിൻ്റ വലുപ്പം പഞ്ചായത്തുകൾക്ക് തീരുമാനിക്കാൻ അനുവാദം നൽകണം എന്നതായിരുന്നു നിർദേശത്തിന്റെ ഉള്ളടക്കം.
വിഷയം വിശദമായി കേട്ട മന്ത്രി വിവിധ വകുപ്പ് മേധാവികളുമായി ചർച്ച ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്തിന്റെആശയം മാലിന്യ മുക്തനവകേരളം പദ്ധതിയുടെ ഭാഗമായി എല്ലാ പഞ്ചായത്തുകൾക്കും ഗുണകരമാവുന്ന വിധത്തിൽ പൊതു ഉത്തരവായി ഇറക്കാമെന്ന് വേദിയിൽ പ്രഖ്യാപിക്കുകയും ചെയ്തു. സർക്കാർ തലത്തിലുള്ള നിരന്തര ഇടപെടലുകളും കൂടിയാലോചനകൾക്കും ശേഷം കഴിഞ്ഞ മാസം 29 ന് സർക്കാർ ഉത്തരവ് ഇറക്കി. ഇനി മുതൽ ഓരോ വാർഡിലും ഹരിത കർമസേന ശേഖരിക്കുന്ന പാഴ് വസ്തുക്കളുടെ അളവ് കണക്കാക്കി അവശ്യത്തിന് മിനി എംസിഎഫ് കൾ സ്ഥാപിച്ച് ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധം സൂക്ഷിക്കാൻ കഴിയും. എംസിഎഫുകളിൽ അമിതമായ പാഴ് വസ്തു കൂമ്പാരങ്ങൾ ഒഴിവാകും. തൊഴിലുറപ്പ് പദ്ധതിയും മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുമായി സംയോജിപ്പിക്കാനും സർക്കാർ ഉത്തരവ് ഉപകരിക്കും.
കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾക്കാകെ സഹായകമാകുന്ന ആശയം പങ്കുവെച്ച് അത് സർക്കാർ ഉത്തരവായിറങ്ങിയ സന്തോഷത്തിലാണ് മൂടാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി. പുതിയ സർക്കാർ ഉത്തരവിലൂടെ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് എല്ലാ വാർഡിലും മിനി എംസിഎഫ് നിർമ്മിക്കും. ഇതുവഴി മാലിന്യ ശേഖരണ സംസ്കരണ സംവിധാനങ്ങൾക്ക് പുതിയ വേഗം കൈവരിക്കാൻ കഴിയും. ഉത്തരവിറക്കിയ മന്ത്രിക്കും ഇതിനായി പരിശ്രമിച്ച ഉദ്യോഗസ്ഥർക്കും നന്ദി പറയുന്നതായി മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാർ പറഞ്ഞു.