വാശിയേറിയ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ കലോത്സവത്തിൽ കലാതിലക പട്ടം നേടി മിന്റ മനോജ്. സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ അവസാനവർഷ ഗണിതശാസ്ത്ര വിദ്യാർത്ഥിയായ മിന്റ മനോജ് പൂക്കാട് സ്വദേശികളായ മനോജ് റിത ദമ്പതികളുടെ മകളാണ്. കുട്ടിക്കാലം മുതൽ കലാമണ്ഡലം സ്വപ്ന സജിത്ത്, ഡോ.സാജേഷ് താമരശ്ശേരി എന്നീ അധ്യാപകരുടെ ശിക്ഷണത്തിലാണ് മിന്റ നൃത്തം അഭ്യസിച്ചിരുന്നത്. ഭരതനാട്യം കേരള നടനം കുച്ചിപ്പുടി തുടങ്ങിയ മത്സരയിനങ്ങളിൽ ഒന്നാം സ്ഥാനവും തിരുവാതിരക്കളിയിൽ രണ്ടാം സ്ഥാനവും നേടിയാണ് മിന്റ കലാതിലക പട്ടം ഗുരുവായൂരപ്പൻ കോളേജിലേക്ക് എത്തിച്ചത്. പോയിന്റ് പട്ടികയിൽ മൂന്നാംസ്ഥാനത്ത് ആണെങ്കിലും മിന്റയുടെ വിജയം കോളേജിന് അഭിമാന നിമിഷമാണ്.
പ്രൈമറി സ്കൂൾ കാലഘട്ടം മുതൽ വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്തിരുന്ന മിന്റ നിരവധി തവണ ജില്ലാ സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ വിവിധ നൃത്തയിനങ്ങളിൽ ജേതാവായിരുന്നു. 2023ൽ ഡൽഹിയിൽ നടന്ന റിപ്പബ്ലിക്ക് ഡേ ക്യാമ്പിൽ കേരളത്തെ പ്രതിനിധീകരിച്ചുകൊണ്ട് പങ്കെടുത്ത ചുരുക്കം വിദ്യാർത്ഥികളിൽ ഒരാളായിരുന്നു മിന്റ.