മാസംതോറും വൈദ്യുതി ബില്‍ കൂടി വരുന്നുവെന്ന പരാതിയുള്ളവരാണ് ഭൂരിഭാഗം പേരും, കുറച്ചു മാത്രം വൈദ്യുതി ഉപയോഗിച്ചിട്ടും ബില്ല് വളരെ കൂടുതലാണെന്നും പരാതിപ്പെടുന്നവര്‍ ഏറെയാണ്. ജീവിത നിലവാരം മാറുന്നതിന് അനുസരിച്ച് വീടുകളിലെ സൗകര്യങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇതിനു പ്രധാന കാരണം. ഇക്കാലത്ത് മിക്‌സിയും വാഷിങ് മെഷീനും ടിവിയുമൊക്കെ ഇല്ലാത്ത വീടുകള്‍ വളരെ ചുരുക്കമായിരിക്കും.
റഫ്രിജറേറ്റര്‍ മുതല്‍ എസി വരെയുള്ള ഉപകരണങ്ങളുടെ അമിതമായ ഉപഭോഗം മൂലമാണ് പലര്‍ക്കും വൈദ്യുതി ബില്‍ വര്‍ധിക്കുന്നത്. എന്നാല്‍, വിഷയത്തില്‍ ചെറിയൊരു പരിഹാര മാര്‍ഗവുമായി എത്തിയിരിക്കുകയാണ് കെഎസ്‌ഇബി. വൈദ്യുതി എങ്ങനെ ലാഭിക്കാമെന്ന് കെഎസ്‌ഇബി പങ്കുവച്ച പുതിയ പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു.
പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വൈകുന്നേരം 6 മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളിൽ 25% അധികനിരക്ക് ബാധകമാണ്. എന്നാൽ, രാവിലെ 6നും വൈകുന്നേരം 6നുമിടയിൽ 10 ശതമാനം കുറവ് നിരക്കിൽ വൈദ്യുതി ഉപയോഗിക്കാൻ കഴിയും! വീട്ടിലെ വൈദ്യുത വാഹന ചാർജിങ്ങും വൈദ്യുതി വലിയതോതിൽ ഉപയോഗിക്കുന്ന പമ്പ് സെറ്റ്, വാട്ടർ ഹീറ്റർ, മിക്സി, ഗ്രൈൻഡർ, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗവും പകൽ സമയത്തേക്ക് മാറ്റുന്നത് വഴി വൈദ്യുതി ബില്ലിൽ വലിയ ലാഭം നേടാമെന്നും കെഎസ്‌ഇബി അധികൃതര്‍ അറിയിച്ചു.