കൊയിലാണ്ടി നഗരസഭ ലോക തണ്ണീർത്തട ദിനത്തോടനുബന്ധിച്ച് നെല്ല്യാടി പുഴ ശുചീകരിച്ചു. കൊയിലാണ്ടി നഗരസഭ ജൈവ വൈവിധ്യ പാർക്കിനോട് ചേർന്ന നെല്ല്യാടി പുഴയാണ് നാട്ടുകാരുടെയും ഹരിത കർമ്മ സേനാംഗങ്ങളുടെയും നഗരസഭ ശുചീകരണ ജീവനക്കാരുടെയും സഹകരണത്തോടു കൂടി ശുചീകരണം നടത്തിയത്. ‘നമ്മുടെ പൊതു ഭാവിക്കായി തണ്ണീർത്തടങ്ങൾ സംരക്ഷിക്കുക’ എന്നതാണ് 2025ലെ തണ്ണീർത്തട ദിനത്തിന്റെ മുദ്രാവാക്യം.
ശുചീകരണ പ്രവർത്തി നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി. പ്രജില ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ രമേശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി, ദയാനന്ദൻ, ശ്രീകുമാർ എന്നിവർ ആശംസകൾ നേർന്നു. ഹെൽത്ത് ഇൻസ്പെക്ടർ കെ റിഷാദ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ. കെ ഷൈനി നന്ദിയും പറഞ്ഞു. തണ്ണീർത്തടത്തിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ തുടങ്ങിയ അജൈവ പാഴ് വസ്തുക്കൾ നഗരസഭ എം.സി.എഫിലേക്ക് മാറ്റുകയും ചെയ്തു.