നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഇനിയും മാസങ്ങള്‍ എടുക്കുമെന്ന് സൂചന. കൊല്ലം ചെങ്ങോട്ടുകാവിനും പന്തലായനി പുത്തലത്ത് കുന്നിനും ഇടയില്‍ ആറ് വരി പാതയുടെ നിര്‍മ്മാണം 70 ശതമാനം പൂര്‍ത്തിയായി. എന്നാല്‍ പുത്തലത്ത്കുന്നു മുതല്‍ നന്തി വരെയുള്ള റീച്ചില്‍ പ്രവർത്തി വലിയ തോതില്‍ പുരോഗമിച്ചിട്ടില്ല.
ചെങ്ങോട്ടുകാവിനും പന്തലായനി പുത്തലത്ത് കുന്നിനും ഇടയില്‍ ബൈപ്പാസ് റോഡ് ഗതാഗതയോഗ്യമാണെങ്കിലും കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാത കടന്നുപോകുന്ന കോമത്തുകരയില്‍ പണി ബാക്കി കിടക്കുകയാണ്. ഇവിടെ ഇരുഭാഗത്തും സര്‍വ്വീസ് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. ബൈപ്പാസിന്റെ വശത്തിലൂടെ വരുന്ന സര്‍വ്വീസ് റോഡ് കോമത്തുകരയില്‍ നിലവിലുളള സംസ്ഥാന പാതയുമായി കൂടിച്ചേരും. സംസ്ഥാനപാത വഴി കടന്നു വരുന്ന വാഹനങ്ങള്‍ക്ക് സര്‍വ്വീസ് റോഡിലേക്ക് പ്രവേശിക്കാനും, സര്‍വ്വീസ് റോഡ് വഴി വരുന്ന വാഹനങ്ങള്‍ക്ക് സംസ്ഥാനപാതയിലേക്ക് കയറാനും ഇവിടെ സൗകര്യമുണ്ടാവും. ചെങ്ങോട്ടുകാവില്‍ നിലവിലുളള ദേശീയ പാതയും ബൈപ്പാസ് കൂട്ടിമുട്ടുന്നിടത്ത് നിര്‍മ്മിച്ച മേല്‍പ്പാലത്തിലേക്ക് ബൈപ്പാസിനെ ബന്ധിപ്പിക്കാനുളള റോഡ് നിര്‍മ്മാണം വടക്ക് ഭാഗത്ത് മാത്രമേ പൂര്‍ത്തിയായി വരുന്നുളളു. തെക്ക് ഭാഗത്ത് പണി നടക്കുന്നതേയുള്ളു. മേല്‍പ്പാലത്തിനടിയിലൂടെ വാഹനഗതാഗതം തിരിച്ചുവിടുന്നതോടെ ഇവിടെയും പണി തുടങ്ങും.
പന്തലായനി പുത്തലത്ത് കുന്ന്, കൂമന്‍തോട്, കുന്ന്യോറ മല, കൊല്ലം, മൂടാടി, വെളളറക്കാട്, നന്തി ഭാഗങ്ങളില്‍ പണി പൂര്‍ത്തിയായിട്ടില്ല. ചെങ്ങോട്ടുകാവില്‍ നിന്ന് തുടങ്ങിയ സര്‍വ്വീസ് റോഡ് പന്തലായനി പുത്തലത്ത് കുന്നു വരെയാണ് എത്തി നില്‍ക്കുന്നത്. കൊല്ലം കുന്ന്യോറ മലയില്‍ മണ്ണിടിഞ്ഞ സ്ഥലത്ത് ഇപ്പോള്‍ ഒരു പണിയും നടക്കുന്നില്ല. ഇവിടെ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സ്ഥലം ഏറ്റെടുക്കാനുളള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. കുന്ന്യോറമലയ്ക്കും കൊല്ലം അടിപ്പാതയ്ക്കും ഇടയില്‍ കനാല്‍ പാലങ്ങളുടെ മുകളിലൂടെയാണ് ബൈപ്പാസ് കടന്നു പോകുക. ഇവിടെ പ്രവർത്തി ചലനമറ്റ് കിടക്കുകയാണ്. കൊല്ലം അടിപ്പാതയയ്ക്ക് സമീപം പ്രവർത്തി നടക്കുന്നതിനാല്‍ ഏതാനും ദിവസങ്ങളായി അടിപ്പാതയിലൂടെയുളള വാഹന ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിരിക്കുകയാണ്. ഇവിടെ സര്‍വ്വീസ് റോഡിനോട് ചേര്‍ന്ന് ഡ്രെയിനേജ് നിര്‍മ്മാണമാണ് ഇപ്പോള്‍ നടക്കുന്നത്.
മൂടാടി വെളളറക്കാട് ഭാഗത്ത് സര്‍വ്വീസ് റോഡ് നിര്‍മ്മാണം ഇനിയും പൂര്‍ത്തിയാകാനുണ്ട്. വെള്ളറക്കാടിനും നന്തിയ്ക്കും ഇടയിലും പ്രവർത്തി പൂര്‍ത്തിയായിട്ടില്ല. ബൈപ്പാസിനോട് ചേര്‍ന്ന് സര്‍വ്വീസ് റോഡെങ്കിലും യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ കൊയിലാണ്ടി നഗരത്തിലെ ഗതാഗതക്കുരുക്കില്‍പ്പെടാതെ വാഹനങ്ങള്‍ക്ക് അതുവഴി പോകാമായിരുന്നു. നന്തിയില്‍ ബൈപ്പാസ് ആരംഭിക്കുന്നിടത്ത് റോഡ് നിര്‍മ്മാണം ഇനിയും തുടങ്ങിയിട്ടില്ല.