കൊയിലാണ്ടി: കൊയിലാണ്ടി -ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഒളളൂര്‍ക്കടവ് പാലം പണി പൂര്‍ത്തിയായി. ഇനി ചെറിയ തോതിലുളള മിനുക്ക് പണികള്‍ മാത്രമാണ് ഉളളത്. പാലത്തിന്റെ ഇരുകരകളിലും സമീപ റോഡ് നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായി. പെയിന്റിംങ്ങ് ജോലികള്‍ തുടങ്ങി. പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ഒളളൂര്‍ക്കടവ് പാലം നിര്‍മ്മിച്ചത്. 250 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലും നിര്‍മ്മിക്കുന്ന പാലത്തിന്12 തൂണുകളാണ് ഉളളത്.
പാലത്തിന്റെ ഇരു ഭാഗത്ത് കാല്‍നട യാത്രക്കാര്‍ക്ക് നടന്നു പോകാന്‍ 1.5 മീറ്റര്‍ വീതിയിലുളള നടപ്പാതയുമുണ്ട്. 16.25 കോടി രൂപയാണ് പാലത്തിന് ചെലവ് പ്രതീക്ഷിച്ചിരുന്നെങ്കിലും 19 കോടി രൂപയില്‍ കൂടുതലായിട്ടുണ്ട്. മഞ്ചേരി പി.എം.ആര്‍ കണ്‍സ്ട്രക്ഷനന്‍ കമ്പനിയാണ് പാലം നിര്‍മ്മിച്ചത്. തൊട്ടടുത്തുളള തോരായിക്കടവ് പാലവും ഇതേ കമ്പനിയാണ് കരാറെടുത്തത്.
ഒളളൂര്‍ക്കടവ് പാലത്തിന്റെ ഉദ്ഘാടനത്തിന് അനുയോജ്യമായ തിയ്യതി കണ്ടെത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തുന്നുണ്ട്. മാര്‍ച്ച്,ഏപ്രില്‍ മാസത്തില്‍ ഉദ്ഘാടനം ഉണ്ടാകുമെന്നാണ് സൂചന.
പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതോടെ ദേശീയപാതയിലെ ചെങ്ങോട്ടുകാവ് ടൗണില്‍ നിന്ന് ചേലിയ വഴി ഒളളൂര്‍.പുത്തഞ്ചേരി,കൂമുളളി,അത്തോളി ഭാഗത്തേക്ക് വേഗത്തിലെത്താന്‍ കഴിയും. പുതുതായി നിര്‍മ്മിക്കുന്ന പാലങ്ങളെല്ലാം ദീപാലംകൃതമാക്കുന്നുണ്ട്. ഒളളൂര്‍ക്കടവ് പാലത്തിലും ദീപ സംവിധാനങ്ങള്‍ ഒരുക്കിയേക്കും.
പാലത്തിലൂടെ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അപ്രോച്ച് റോഡില്‍ തടസ്സങ്ങളുണ്ടാക്കി ഗതാഗതം തടഞ്ഞിരിക്കുകയാണ്.