കൊയിലാണ്ടി നഗര മധ്യത്തില്‍ കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിന്റെ മരണപ്പാച്ചിലും മറികടക്കലും നാട്ടുകാര്‍ തടഞ്ഞു. മറ്റൊരു കണ്ണൂര്‍ ബസ്സിനെ മറികടക്കാനാണ് സിഗ്മ എന്ന പേരായ ബസ്സ് ശ്രമിച്ചത്. എതിര്‍ ദിശയില്‍ നിന്നും മറ്റ് വാഹനങ്ങള്‍ വന്നതോടെ ഓവര്‍ടെക്ക് ചെയ്യാനുളള സിഗ്മ ബസ്സിന്റെ ശ്രമം വിഫലമായി. ഇതോടെ ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു. മെയിന്‍ റോഡില്‍ നിന്ന് ബപ്പന്‍കാട് റോഡിലേക്ക് തിരിയുന്ന ജംഗ്ഷനില്‍ ശനിയാഴ്ച വൈകീട്ട് 3.50നാണ് സംഭവം. പൊതുവേ ശനിയാഴ്ച ദിവസങ്ങളില്‍ നഗരം ഗതാഗത കുരുക്കില്‍ അകപ്പെടും. അതിനിടയിലാണ് നഗര മധ്യത്തിലും എല്ലാ ഗതാഗത നിയമങ്ങളും കാറ്റില്‍ പറത്തിയുളള ഓവര്‍ ടേക്ക്. ബപ്പന്‍കാട് ജംഗ്ഷനില്‍ ഗതാഗതം നിയന്ത്രിക്കാന്‍ ഒരു ഹോംഗാര്‍ഡ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ജനങ്ങളും ചുമട്ട് തൊഴിലാളികളും ഓട്ടോ ഡ്രൈവര്‍മാരും ഇടപെട്ടാണ് ഗതാഗത കുരുക്കഴിച്ചത്. ദീര്‍ഘ ദൂര ബസ്സ് ഡ്രൈവറോട് പലരും കയര്‍ക്കുന്നത് കാണാമായിരുന്നു.
