ഫിബ്രുവരിയിലെ റേഷൻ്റെ കൂടെ ജനുവരിയിലെ വിഹിതം കൂടി നൽകാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എ.കെ.ആർ.ആർ.ഡി.എ. സംസ്ഥാന സെക്രട്ടറി പി. പവിത്രൻ താലൂക്ക് പ്രസിഡണ്ട് പുതുക്കോട് രവീന്ദ്രൻ ഭക്ഷ്യമന്ത്രി, ഭക്ഷ്യ സെകട്ടറി എന്നിവർക്ക് ഫാക്സ് സന്ദേശമയച്ചു. കൊയിലാണ്ടി താലൂക്കിൽ ജനുവരി മാസത്തിൽ വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങൾ പൂർണ്ണമായും റേഷൻ കടകളിൽ എത്തിയിട്ടില്ല. താലൂക്കിലെ 252 റേഷൻ കടകളിൽ പകുതിയോളം കടകളിൽ മാത്രമാണ് ഇന്നലെ വരെ റേഷൻ വിതരണത്തിനായി എത്തിച്ചിട്ടുള്ളത്. ഇതാകട്ടെ ഭാഗികമായി മാത്രമേ ലഭിച്ചിട്ടുള്ളൂ. റേഷൻ കരാറുകാർ ജനുവരി ഒന്ന് മുതൽ ആരംഭിച്ച് 25 ദിവസം നീണ്ട് നിന്ന അനിശ്ചിതകാല സമരത്തിൻ്റെ ഫലമായാണ് താലൂക്കിൽ വിതരണം താളം തെറ്റിയത്.
ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രവരി 4 ന് അവസാനിക്കും എന്നാണ് ഭക്ഷ്യ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇനി രണ്ട് പ്രവൃത്തി ദിനം മാത്രം ബാക്കി നിൽക്കെ റേഷൻ വിതരണം പൂർത്തീകരിക്കാൻ കഴിയില്ല എന്ന് ഉറപ്പാണ്. ഏതാണ്ട് മുഴുവൻ കടകളിലും 30 ശതമാനം മുതൽ 40 ശതമാനം വരെ ഭക്ഷ്യധാന്യങ്ങൾ കാർഡ് ഉടമകൾക്ക് ഇനിയും ലഭിക്കാനായുണ്ട്. ഈ ഒരു പ്രത്യേക സാഹചര്യത്തിലാണ് എ.കെ.ആർ.ആർ.ഡി.എ. ഫാക്സ് സന്ദേശമയച്ചത്.