ഏപ്രിൽ ഒന്നു മുതൽ ബെവ്കോ വഴി വിൽക്കുന്ന മദ്യകുപ്പികളിൽ പ്രത്യേക ഹോളോഗ്രാം പതിപ്പിക്കും. വ്യാജനെ തടയാനും കൃത്യമായി കണക്കുകള്‍ സൂക്ഷിക്കുന്നതിനുമാണ് ബെവ്കോയുടെ തന്നെ ഹോളോഗ്രാം പരിഷ്‌കരിക്കുന്നത്. മദ്യകമ്പനികള്‍ ഫാക്‌ടറികളിൽ സ്ഥാപിക്കുന്ന മെഷീൻ ഉപയോഗിച്ചാണ് ഹോളോഗ്രാം കുപ്പികളിൽ പതിപ്പിക്കുക. ഈ മെഷീൻ സ്ഥാപിക്കമെങ്കിൽ മദ്യവില വർധിപ്പിക്കണമെന്നായിരുന്ന മദ്യ വിതരണ കമ്പനികളുടെ ആവശ്യം. വിലകൂട്ടിയതോടെ പരിഷ്‌കാരവും നടപ്പിലാകും. ഇപ്പോള്‍ ഒട്ടിക്കുന്ന ഹോളോഗ്രാം മാതൃകയിലുള്ള സ്റ്റിക്കർ കൊണ്ട് കാര്യമായ ഉപയോഗമില്ലെന്ന് ബെവ്കോ എം ഡി വ്യക്തമാക്കി. വ്യാജൻമാരും ഇതേ രീതിയിൽ ഹോളോഗ്രാം ഉണ്ടാക്കുന്നുണ്ട്.
സി-ഡിറ്റ് പ്രിന്റ് ചെയ്യുന്ന നിലവിലെ ഹോളോഗ്രാം സ്റ്റിക്കറുകള്‍ 300 തൊഴിലാളികളെ കൊണ്ടാണ് ഒട്ടിക്കുന്നത്. പുതിയ സംവിധാനത്തിൽ തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തും. ഹോളോഗ്രാം പതിക്കുന്നത് മെഷീനിലേക്ക് മാറുമ്പോള്‍ ഈ ജോലി ചെയ്‌തിരുന്ന തൊഴിലാളികളെ ഔട്ട്ലെറ്റുകളിലേക്ക് പുനർവിന്യസിപ്പിക്കാനും പദ്ധതിയുണ്ട്.