കോഴിക്കോട് ജില്ലയിൽ പരാതിരഹിത സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കിയെന്ന് ജില്ലാതല ഉച്ചഭക്ഷണ കമ്മിറ്റി അവലോകന യോഗം

2024-2025 അധ്യയന വർഷം കോഴിക്കോട് ജില്ലയിലെ സ്കൂളുകളിൽ മികച്ച രീതിയിലാണ് ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയത് എന്ന് എഡിഎമ്മിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല ഉച്ചഭക്ഷണ കമ്മിറ്റി അവലോകന യോഗം വിലയിരുത്തി. പരാതിരഹിതമായാണ് എല്ലായിടത്തും പദ്ധതി പൂർത്തിയാകുന്നത്. ജില്ലയിൽ മൂന്ന് വിദ്യാഭ്യാസ ജില്ലകളിൽ ഉൾപ്പെട്ട 17 ഉപജില്ലകളിലായി 1215 സ്കൂളുകളിലാണ് തൃപ്തികരമായ രീതിയിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയത്.

സ്കൂളുകളിലെ പാചക തൊഴിലാളികൾക്കായി സംഘടിപ്പിച്ച പാചക മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സമ്മാനം നേടിയ, തോടന്നൂർ ഉപജില്ലയിലെ വള്ളിയാട് ഈസ്റ്റ് എൽ പി സ്കൂളിലെ പാചക തൊഴിലാളി പി ശോഭയെ ഉച്ചഭക്ഷണ കമ്മിറ്റി യോഗം അനുമോദിച്ചു. 25 വർഷമായി സ്കൂളിലെ പാചക തൊഴിലാളിയായി ജോലി ചെയ്യുന്ന ശോഭയ്ക്കുള്ള ഉപഹാരം എഡിഎം സി മുഹമ്മദ് റഫീക്ക് കൈമാറി.

യോഗത്തിൽ ഡിഡിഇ സി മനോജ് കുമാർ, സ്കൂൾ പ്രധാനഅധ്യാപകർ, മുൻ ഡിഡിഇ വി പി മിനി, സപ്ലൈകോ, ആരോഗ്യം വനിത ശിശു സംരക്ഷണം എന്നീ വകുപ്പുകളിലെയും കോഴിക്കോട് കോർപ്പറേഷനിലെയും ഉദ്യോഗസ്ഥർ പങ്കെടുത്തു.

Leave a Reply

Your email address will not be published.