കോഴിക്കോട് ഇംഹാൻസ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) ഡയറക്ടർ ഡോ. പി. കൃഷ്ണകുമാർ അന്തരിച്ചു. 63 വയസ്സായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ മനഃശാസ്ത്ര സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസിന്റെ (ഇംഹാൻസ്) ഡയറക്ടറും അതിൻ്റെ രൂപകൽപ്പനയിൽ പ്രഥമ പങ്ക് വഹിച്ച വ്യക്തിയുമായിരുന്നു ഡോ. പി.കൃഷ്ണകുമാർ. കുട്ടികളിലെയും കൗമാരക്കാരിലെയും മാനസികാരോഗ്യവും ചികിത്സയുമായി ബന്ധപ്പെട്ടുള്ള പ്രഗത്ഭരിൽ ഒരാളാണ് ഡോ. കൃഷ്ണകുമാർ. ഇംഹാൻസിനെ ഇന്ന് കാണുന്ന രീതിയിൽ വളർത്തിയെടുത്തത് അദ്ദേഹമാണ്.
പരമ്പരാഗത രീതികളിൽനിന്ന് മാറി മാനസികാരോഗ്യ ചികിത്സയെ സാധാരണക്കാരിൽ എത്തിച്ച ഒട്ടേറെ മാതൃകാ പദ്ധതികളാണ് ഇംഹാൻസ് ഇതിനോടകം നടപ്പിലാക്കിയിട്ടുള്ളത്. കുട്ടികളുടെ മാനസിക വളർച്ചാ വൈകല്യങ്ങളിലും കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ചികിത്സയും വൈദ്യശാസ്ത്ര പഠനവും സ്വകാര്യവത്കരിക്കപ്പെടുന്നതിനെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ നടത്തിയ ചരിത്ര പ്രസിദ്ധമായ സമരങ്ങളുടെയും കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം മാനവീകരിക്കുന്നതിനു വേണ്ടി നടന്ന സമരങ്ങളുടേയും മുന്നണിപ്പോരാളിയായിരുന്നു ഇദ്ദേഹം.
കണ്ണൂർ പട്ടാന്നൂർ സ്വദേശിയായ കൃഷ്‌ണകുമാർ വർഷങ്ങളായി കോഴിക്കോടാണ് താമസം. സ്‌കൂൾ ഓഫ് ഫാമിലി ഹെൽത്ത് ഡീസിലെ പ്രൊഫസർ ഡോ. ഗീതാ ഗോവിന്ദരാജാണ് ഭാര്യ. മകൻ: അക്ഷയ് എഞ്ചിനീയർ (അമേരിക്ക).