പറയഞ്ചേരി, നെല്ലിക്കോട് ഗ്രാമങ്ങളിലെ ടൗണ്‍ ന്യൂയിസന്‍സ് ആക്ട് – എം.സി.വസിഷ്ഠ്

കോഴിക്കോട് നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നാണ് സ്റ്റേഡിയം ജംഗ്ഷനില്‍ നിന്നാരംഭിച്ച് പുതിയറ വഴി പറയഞ്ചേരിയിലൂടെ കുതിരവട്ടം മാനസികആശുപത്രിയുടെ മുമ്പിലൂടെ, ദേശപോഷിണി ലൈബ്രറിയുടെ മുമ്പിലൂടെ ഏതാണ്ട് പൊറ്റമ്മലില്‍ ചെന്നവസാനിക്കുന്ന റോഡ്.
മേല്‍പ്പറഞ്ഞ റോഡില്‍ നിരവധി വാണിജ്യ സ്ഥാപനങ്ങളും വീടുകളും ഫ്ളാറ്റുകളും നമുക്ക് കാണാവുന്നതാണ്. ചീറിപ്പായുന്ന ബസ്സുകളും കാറുകളും ഇരുചക്ര വാഹനങ്ങളും ഈ പാതയെ തിരക്കുള്ളതാക്കി മാറ്റുന്നു. ഈ പാത അവസാനിക്കുന്ന പൊറ്റമ്മലിലാവട്ടെ പ്രമുഖ വസ്ത്രശാലകളുടെ ശാഖകളും ഫോണ്‍ വില്‍പ്പന ശാഖകളും നമുക്ക് കാണാവുന്നതാണ്. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ റീജനല്‍ ആര്‍ക്കൈവ്സിലെ രേഖ 84 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ ഈ സഞ്ചാരപാത വളര്‍ന്നുവരുന്നതിന്റെ സൂചനകള്‍ നമുക്ക് നല്‍കുന്നു.
കോഴിക്കോട് റീജനല്‍ ആര്‍ക്കൈവ്സ്  റവന്യൂ ആര്‍-ഡിസ് ഫയല്‍ (ബണ്ടില്‍ നമ്പര്‍ 551, സീരിയല്‍ നമ്പര്‍ 1) രണ്ടാം ലോക യുദ്ധകാലത്ത് ഇന്നത്തെ കോഴിക്കോട് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളായ നെല്ലിക്കോട്, പറയഞ്ചേരി ഭാഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നു. 1941 ജനുവരി 7-ാം തിയ്യതി മലബാര്‍ പോലീസ് സൂപ്രണ്ടായിരുന്ന ഒ.എല്‍.ബര്‍ണെല്‍ മലബാര്‍ ജില്ലാ മജിസ്ട്രേട്ടിന് ഒരു ഔദ്യോഗിക കത്തയച്ചു. ഈ കത്തില്‍ അദ്ദേഹം പറയുന്നത് കോഴിക്കോട് കന്നിപ്പറമ്പ് റോഡില്‍ മദ്രാസ് ടൗണ്‍ ന്യൂയിസന്‍സ് ആക്ട് നടപ്പിലാക്കണമെന്നാണ്. താഴെ പറയുന്നതാണ് അദ്ദേഹത്തിന്റെ കത്തിലെ പ്രധാന വിവരണങ്ങള്‍.
പുതിയ പാലത്തിന് മറുഭാഗത്തായി കോമണ്‍വെല്‍ത്ത് ടൈല്‍ ഫാക്ടറി സ്ഥിതിചെയ്യുന്നു. (ബാസല്‍ മിഷന്‍ മിഷണറിമാര്‍ സ്ഥാപിച്ചതാണ് ഈ ടൈല്‍ ഫാക്ടറി) അതിന് ഏതാനും ഫര്‍ലോംഗ് അകലെ മാനസികരോഗികളുടെ ഒരു ആശുപത്രിയുണ്ട്. വളരെ തിരക്കേറിയ ഒരു ബസാര്‍ പൊറ്റമ്മലിലുണ്ട്. അതിനടുത്തായി മലബാര്‍ ക്ലബ്ബുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഒരു ഗോള്‍ഫ് ക്ലബ്ബുണ്ട്. പൊറ്റമ്മലില്‍ ധാരാളം കടകളുണ്ട്. അതില്‍ ചിലത് റോഡിന്റെ രണ്ടു ഭാഗങ്ങളിലായി സ്ഥിതിചെയ്യുന്നു. കള്ളുഷാപ്പുകളും ചാരായഷാപ്പുകളും കടകളില്‍ ഉള്‍പ്പെടുന്നു. ഈ ഭാഗത്തുകൂടി മൂന്നു ബസ്സുകള്‍ ഓടുന്നുണ്ട്. വളരെ തിരക്കേറിയ ഒരു സ്ഥലമാണിത്. ഈ ഭാഗത്തെ കാല്‍നട യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ ഇവിടെ മദ്രാസ് ടൗണ്‍ ന്യൂയിസന്‍സ് ആക്ട് നടപ്പില്‍ വരുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 
മദ്രാസ് ടൗണ്‍ ന്യൂസിയന്‍സ് ആക്ട് 1889 ഡിസംബര്‍ 23നാണ് മദ്രാസ് ടൗണ്‍ ന്യൂയിസന്‍സ് ആക്ട് നടപ്പിലാക്കിയത്. മദ്രാസ് നഗരത്തിന് പുറത്തുള്ള ന്യൂയിസന്‍സ് അഥവാ ശല്യങ്ങളെ നിയന്ത്രിക്കാനാണ് ഈ ആക്ട് നടപ്പിലാക്കിയത്. താഴെ പറയുന്ന സംഭവങ്ങള്‍ ന്യൂയിസന്‍സ് ആക്ടിന്റെ പരിധിയില്‍ വരും. 
1. ഉത്തരവാദിത്വമില്ലാത്ത അപകടകരമായ ഡ്രൈവിംഗ്.
2. ട്രാഫിക് തടസ്സം സൃഷ്ടിക്കല്‍.
3. ഉപയോഗശൂന്യമായ വസ്തുക്കള്‍ ഉപേക്ഷിക്കുക.
4. പൊതുസ്ഥലത്ത് കച്ചവട വസ്തുക്കള്‍ വില്‍ക്കാന്‍ വെക്കുക.
5. പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ശബ്ദത്തില്‍ ഹോണ്‍ മുഴക്കുക.
മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങളെല്ലാം ഈ ആക്ട് പ്രകാരം ശിക്ഷാര്‍ഹമാണ്.
പോലീസ് സൂപ്രണ്ട് ബര്‍ണെലിന്റെ കത്തിന് മറുപടിയായി മലബാറിലെ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് എന്ന എ.ഡി.എം. ജി. വെങ്കിടേശ്വര അയ്യര്‍ 1941 ജനുവരി 22-ാം തിയ്യതി അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥനായ സബ് ഡിവിഷണല്‍ മജിസ്ട്രേട്ടിനയച്ച കത്തില്‍ മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ നഗരത്തിന്റെ സ്വഭാവമുള്ളതാണോ എന്ന് വ്യക്തമാക്കാനും ആ ഭാഗങ്ങളുടെ സ്‌കെച്ച് അയക്കാനും ആവശ്യപ്പെട്ടു.  അദ്ദേഹത്തിന്റെ ആവശ്യപ്രകാരം സബ് ഡിവിഷണല്‍ മജിസ്ട്രേട്ട് മേല്‍പ്പറഞ്ഞ സ്ഥലങ്ങളുടെ, പറയഞ്ചേരി, പൊറ്റമ്മല്‍ ഭാഗങ്ങളുടെ വിശദമായൊരു സ്‌കെച്ച് തയ്യാറാക്കുകയുണ്ടായി.
പോലീസ് സൂപ്രണ്ടിന്റെ ആവശ്യം അതേപടി അംഗീകരിച്ച കോഴിക്കോട് ജില്ലാ കലക്ടര്‍ 1941 ഏപ്രില്‍ 21-ാം തിയ്യതി മദ്രാസിലെ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ആസ്ഥാനത്തേക്ക് പോലീസ് സൂപ്രണ്ടിന്റെ ശുപാര്‍ശകള്‍ അംഗീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒരു കത്തയച്ചു.
പോലീസ് സൂപ്രണ്ടിന്റെയും മലബാര്‍ ജില്ലാ കലക്ടറുടെയും അഭ്യര്‍ത്ഥനകളെ മദ്രാസിലെ ബ്രിട്ടീഷ് ഭരണകൂടം അംഗീകരിക്കുകയും പൊറ്റമ്മല്‍, പറയഞ്ചേരി ഭാഗങ്ങളില്‍ ടൗണ്‍സ് ന്യൂയിസന്‍സ് ആക്ട് നടപ്പിലാക്കിക്കൊണ്ട് പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. 1941 മെയ് ഒന്നാം തിയ്യതിയാണ് മദ്രാസ് ഗവണ്‍മെന്റിന്റെ ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവ് പിന്നീട് ഗസറ്റിയറില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. പറയഞ്ചേരിയും പൊറ്റമ്മലും ഉള്‍പ്പെടുന്ന നെല്ലിക്കോട് ഭാഗത്ത് ടൗണ്‍ ന്യൂയിസന്‍സ് ആക്ട് നടപ്പിലാക്കിയിരിക്കുന്നു എന്നാണ് ഉത്തരവിന്റെ ഉള്ളടക്കം.
ബ്രിട്ടീഷ് ഭരണകാലത്ത് മലബാര്‍ പ്രവിശ്യയില്‍ അഥവാ മലബാര്‍ ജില്ലയില്‍ നിരവധി നഗരങ്ങള്‍ ഉയര്‍ന്നുവന്നു. കേരളത്തിന്റെ ചരിത്ര കാലഘട്ടത്തിന്റെ ആരംഭം മുതല്‍ നഗരങ്ങളുണ്ടായിരുന്നുവെങ്കിലും ബ്രിട്ടീഷ് കാലഘട്ടത്തിന് മുമ്പുള്ള നഗരങ്ങളും ബ്രിട്ടീഷ് കാലഘട്ടത്തിന് ശേഷമുള്ള നഗരങ്ങളും തമ്മില്‍ അടിസ്ഥാനപരമായി ചില പ്രധാന വ്യത്യാസങ്ങളുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഉയര്‍ന്നുവന്ന നഗരങ്ങളുടെ പ്രധാന സവിശേഷത പൊതു ഇടങ്ങളുടെ സാന്നിധ്യമായിരുന്നു. കളിസ്ഥലങ്ങള്‍, മൈതാനങ്ങള്‍, സിനിമാ തിയേറ്ററുകള്‍ ഇവയെല്ലാം പൊതു ഇടങ്ങളായി രൂപം കൊണ്ടത് ബ്രിട്ടീഷ് ഭരണകാലത്താണ്. കോഴിക്കോട് നഗരത്തിന്റെ മധ്യത്തില്‍ തന്നെ മാനാഞ്ചിറ മൈതാനവും കുറച്ചകലെ വെസ്റ്റ്ഹില്‍ മൈതാനവും പ്രധാന പൊതുഇടങ്ങളായി രൂപംകൊണ്ടു.
നഗരമധ്യത്തിലുള്ള സുപ്രധാന സ്ഥലങ്ങളെ വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാതെ നഗരങ്ങളിലുയര്‍ന്നുവന്ന വരേണ്യവര്‍ഗ്ഗത്തിന്റെ /മധ്യവര്‍ഗ്ഗത്തിന്റെ വിനോദ വിശ്രമങ്ങള്‍ക്കുള്ള പൊതു ഇടങ്ങളായി രൂപം പ്രാപിച്ചതാണ്  ബ്രിട്ടീഷ് ഭരണ കാലഘട്ടത്തിന്റെ പ്രധാന സവിശേഷത. ബ്രിട്ടീഷ് ഭരണകാലത്ത് നഗരങ്ങളിലെ പ്രധാന സാന്നിധ്യം കച്ചവട വിഭാഗങ്ങൾ ഉൾപ്പെടുന്ന മധ്യവര്‍ഗ്ഗത്തിന്റെ സാന്നിധ്യമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തിന്റെ അവസാന കാലങ്ങളില്‍ കോഴിക്കോട് നഗരം പ്രാന്തപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ സൂചനകളാണ് മേല്‍പ്പറഞ്ഞ ആര്‍ക്കൈവ്സ് രേഖ നമ്മോട് പറയുന്നത്.

Leave a Reply

Your email address will not be published.

Previous Story

പെരുവട്ടൂരിൽ കിണറിൽ വീണ് വയോധിക മരിച്ചു

Next Story

പൊതുപരീക്ഷകളില്‍ ഇന്‍വിജിലേറ്റര്‍മാര്‍ പരീക്ഷാഹാളുകളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

Latest from Main News

സാദിഖ് അലി ശിഹാബ് തങ്ങൾ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു

കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും.  കിസാൻ സമ്മാൻ നിധിയുടെ

2025 ശനിയുടെ സംക്രമവും വിവിധരാശിക്കാര്‍ക്കുള്ള ഫലവും (മൂന്നാം ഭാഗം) – തയ്യാറാക്കിയത് ഡോ.ടി.വേലായുധന്‍

ആയുർദൈർഘ്യം, മരണം, രോഗങ്ങൾ, ദുരിതങ്ങൾ, സേവകർ, കൃഷി, അച്ചടക്കം, അധ്വാനം എന്നീ കാര്യങ്ങളെ സൂചിപ്പിക്കുന്ന രാശിക്കാരനായ ശനി സ്വന്തം രാശിയായ കുംഭത്തിൽ

ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്തു

ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്തു.  ലൂർദ് ഹോസ്പിറ്റൽ ഐസിയുവിൽ ചികിത്സയിലായിരുന്ന ‘ബേബി

നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമിയും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വെ നടത്തുന്ന ‘നക്ഷ’ പദ്ധതിക്ക് കേരളത്തിലും തുടക്കമായി

നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമിയും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വെ നടത്തുന്ന ‘നക്ഷ’ പദ്ധതി കേരളത്തിലും തുടക്കമായി. ഡിജിറ്റല്‍ ഇന്ത്യ