മേപ്പയ്യൂർ:മഹാത്മാഗാന്ധിയുടെ ജീവിതവും ദർശനങ്ങളും പകരുന്ന പാഠങ്ങൾ സമൂഹത്തിൽ വ്യാപിപ്പിക്കുക എന്ന വലിയ ലക്ഷ്യവുമായി വിദ്യാർഥികൾ ഗ്രാമ ഹൃദയങ്ങളിലൂടെ ഗാന്ധിസ്മൃതിപദയാത്ര സംഘടിപ്പിക്കുന്നു.
മേപ്പയ്യൂർ ഗവ.വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ” ഗാന്ധി എന്ന പാഠശാല” എന്ന പുസ്തകത്തിന്റെ ആയിരം കോപ്പികളുമായാണ് വിദ്യാർത്ഥികൾ ഗ്രാമങ്ങളിലേക്കിറങ്ങുന്നത്. ഹയർസെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീം റിപ്പബ്ലിക് ദിനമായ ജനുവരി 26 മുതൽ ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30 വരെ സംഘടിപ്പിക്കുന്ന ഗാന്ധിപർവ്വം -25 എന്ന പരിപാടിയുടെ ഭാഗമായാണ് ഗാന്ധിയൻ ജീവിതപാഠങ്ങൾ പ്രമേയമായ പുസ്തകം പ്രചരിപ്പിക്കുന്നത്. സുഹൃത്തിന് ഒരു സ്നേഹ ഭവനം നിർമ്മിക്കാൻ കൂടി വേണ്ടിയാണ് എൻഎസ്എസ് വളണ്ടിയർമാർ പുസ്തക ചലഞ്ചുമായി മുന്നോട്ടുപോകുന്നത്. സ്കൂളിലെ മറ്റ് സന്നദ്ധ സംഘടനകളുടെയും ക്ലബ്ബുകളുടെയും സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രശസ്ത സാംസ്കാരിക പ്രവർത്തകൻ രമേശ് കാവിൽ ജനുവരി 26 ന് ഗാന്ധിപർവ്വം ഉദ്ഘാടനം ചെയ്യും. ജനുവരി 29 ന് കീഴരിയൂർ ക്വിറ്റിന്ത്യാ സ്മാരകത്തിൽനിന്നും ആരംഭിച്ച് പാക്കനാർ പുരം ഗാന്ധിസദനം സന്ദർശിച്ച് മേപ്പയ്യൂർ ടൗണിലവസാനിക്കുന്ന രീതിയിൽ ഗാന്ധിസ്മൃതി യാത്ര സംഘടിപ്പിക്കുന്നത്. കിറ്റിന്ത്യാ സമരഭൂമിയായ കീഴരിയൂരിൽ മേലടി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഗാന്ധി സ്മൃതി പദയാത്ര ഉദ്ഘാടനം ചെയ്യും. ഗാന്ധി സ്മൃതി യാത്രയുടെ സമാപന സമ്മേളനം മേപ്പയ്യൂരിൽ പ്രശസ്ത ചരിത്രഗ്രന്ഥകാരനും പ്രഭാഷകനുമായ പി ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. “ഗാന്ധി എന്ന പാഠശാല” യുടെ രണ്ടാമത് എഡിഷൻ പ്രകാശനവും ചെയ്യുംഎമേപ്പയൂർ പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷനാകുന്ന വേദിയിൽ എൻ എസ് എസ് റീജിയണൽ കോഡിനേറ്റർ എസ് ശ്രീചിത്ത്, പ്രശസ്തമാന്ത്രികൻ ശ്രീജിത് വിയ്യൂർ എന്നിവർ മുഖ്യാതിഥികളാവും.
ഒരു പൊതുവിദ്യാലയം
ചരിത്രം പഠിപ്പിക്കുന്നതോടൊപ്പം ചരിത്രം രചിക്കുകയും ചെയ്തതിൻ്റെ അതുല്യമായ സാക്ഷ്യപത്രമാണ് “ഗാന്ധി എന്ന പാഠശാല” എന്ന പഠനഗ്രന്ഥം.
കോവിഡ് മഹാമാരിക്കാലത്തെ മരവിപ്പിനെ സ൪ഗാത്മകമായി മറികടക്കാൻ, മേപ്പയ്യൂ൪ ഗവ. വൊക്കേഷണൽ ഹയ൪ സെക്കണ്ടറി സ്കൂൾ ആസൂത്രണം ചെയ്ത, 106 ദിവസം നീണ്ടുനിന്ന ഗാന്ധിജിയുടെ ആത്മകഥാവായനയുടെ അനുബന്ധമായി, കേരളത്തിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകരായ പ്രൊഫ. കെ. സച്ചിദാനന്ദൻ, ഡോ. എം.എൻ.കാരശ്ശേരി,പ്രൊഫ.കൽപ്പറ്റ നാരായണൻ, , ഡോ. കെ. അരവിന്ദാക്ഷൻ, പ്രൊഫ. സിപി അബൂബക്കർ, , പി. ഹരീന്ദ്രനാഥ്, ഡോ. പി. പവിത്രൻ,ഡോ. പി.പി.പ്രകാശൻ, ഡോ.പി.സുരേഷ്, പി. പ്രേമചന്ദ്രൻ, ഡോ. എം.സി.അബ്ദുൾ നാസർ, ആനന്ദൻ പൊക്കുട൯, വി. കെ.ബാബു, ഡോ. എസ്. ഗോപു എന്നിവർ നടത്തിയ ഉജ്ജ്വല പ്രഭാഷണങ്ങളാണ് പുസ്തകത്തിലുള്ളത്. ഡി സി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.